പ്രതിസന്ധി മറികടക്കാന്‍ പുതിയ പ്രഖ്യാപനവുമായി നിര്‍മല സീതാരാമന്‍, നികുതി വെട്ടിക്കുറയ്ക്കല്‍ ഉടന്‍ ഉണ്ടായേക്കും

By Web TeamFirst Published Aug 20, 2019, 12:29 PM IST
Highlights

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബിസിനസുകളുടെ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി സര്‍ക്കാര്‍ നേരത്തെ കുറച്ചിരുന്നു.  
 

ദില്ലി: ഇന്ത്യന്‍ സമ്പദ്‍ഘടനയില്‍ മാന്ദ്യത്തിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങിയതിനെ തുടര്‍ന്ന് പ്രതിസന്ധി മറികടക്കാനുളള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഇതിന്‍റെ ഭാഗമായി ബജറ്റ് പ്രഖ്യാപനത്തിന് മാറ്റം വരുത്തിക്കൊണ്ട് കോര്‍പ്പറേറ്റ് നികുതി പടിപടിയായി വെട്ടിക്കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 

400 കോടിക്ക് മേല്‍ വാര്‍ഷിക വിറ്റുവരവുളള കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി ഘട്ടം ഘട്ടമായി 25 ശതമാനമാക്കുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. നേരത്തെ കേന്ദ്ര ബജറ്റില്‍ 400 കോടി രൂപ വരെ വിറ്റുവരവുളള കമ്പനികള്‍ക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബിസിനസുകളുടെ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി സര്‍ക്കാര്‍ നേരത്തെ കുറച്ചിരുന്നു.  

എന്നാല്‍, മിക്ക മേഖലകളിലും ഇടിവ് ദൃശ്യമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പരിധികളില്ലാതെ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. 

നേരത്തെ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി 250 കോടി രൂപ വരെ വിറ്റുവരവുളള കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 25 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിരുന്നു. എന്നാല്‍, നിരക്ക് കുറവ് എന്ന് നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയില്ല. അന്താരാഷ്ട്ര -ആഭ്യന്തര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് മിക്ക വ്യവസായ മേഖലകളിലും ഇടിവ് രേഖപ്പെടുത്തി. ഇതോടെ നികുതി കുറയ്ക്കുന്ന നടപടി അധിക താമസമില്ലാതെ നടപ്പാക്കിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.    

click me!