ഊബർ ഈറ്റ്‌സിന് ഇന്ത്യൻ വിപണിയിൽ അടിപതറിയതിനു പിന്നിലെ അഞ്ച് കാരണങ്ങൾ

By Web TeamFirst Published Jan 23, 2020, 3:38 PM IST
Highlights

വൈകി രംഗത്തുവന്നിട്ടും, സ്വിഗിയേക്കാൾ മികച്ചതായി ഒരു സർവീസും ഊബർ ഈറ്റ്സിന് ഓഫർ ചെയ്യാനുണ്ടായിരുന്നില്ല

 ഫുഡ് ഡെലിവറി ആപ്‌ളിക്കേഷനുകളായ സൊമാറ്റോയും സ്വിഗിയുമൊക്കെ 2008 മുതൽ ഇന്ത്യയിൽ ഉണ്ടായിരുന്നു എങ്കിലും, സംഗതി ആകെ ഒന്ന് കളറായത് പച്ച നിറത്തിലുള്ള തോൾബാഗുകളും തൂക്കി ഊബർ ഈറ്റ്സിന്റെ പിള്ളേർ തലങ്ങും വിലങ്ങും ബൈക്കിൽ ഭക്ഷണവുമായി പാഞ്ഞു തുടങ്ങിയ ശേഷമായിരുന്നു. മറ്റുരാജ്യങ്ങളിൽ നിയന്ത്രണ ഏജൻസികളോടും, ഡെലിവറി ഏജന്റുമാരോടും,ഉപഭോക്താക്കളോടും ഒക്കെ വളരെ നയത്തിൽ ഇടപെട്ടു കൊണ്ട് പിടിച്ചുനിൽക്കാൻ ഊബർ ഈറ്റ്സിന് സാധിച്ചു എങ്കിൽ, ഇന്ത്യയിൽ മാത്രം  അത് പ്രാവർത്തികമാക്കാൻ അവർക്ക് സാധിച്ചില്ല. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ തങ്ങളുടെ വ്യാപാരംമൊത്തമായി 2,485 രൂപക്ക് വിപണിയിലെ എതിരാളികളായ സൊമാറ്റോയ്ക്ക് വിറ്റുകൊണ്ട് അവർ കളമൊഴിഞ്ഞു. തങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കളോട് സൊമാറ്റോയിലേക്ക് മാറാൻ അവർ ആവശ്യപ്പെട്ടുകഴിഞ്ഞു. 

കഴിഞ്ഞ ഒരു വർഷമായി ഊബറിന്റെ ഗ്ലോബൽ മാനേജ്‌മെന്റ്, നഷ്ടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഊബർ ഈറ്റ്‌സ് എന്ന വിഭാഗം, വിറ്റൊഴിവാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്താൻ തുടങ്ങിയിട്ട്. അവർ ഉദ്ദേശിച്ചിരുന്ന വിലയിലേക്ക് ആരും വാലുവേഷൻ കൊണ്ടുപോകാതിരുന്നതിനാലാകും ഇത്രയും കാലം ഈ ഏറ്റെടുപ്പ് വൈകിയത്. ഒടുവിൽ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് സൊമാറ്റോയുമായി  കച്ചവടം ഉറപ്പിച്ചത്. 

എന്നാൽ കാര്യങ്ങൾ വളരെ പരുങ്ങലിൽ ആയിട്ടുള്ളത് ഊബർ ഈറ്റ്സിനു മാത്രമല്ല. അവരെ ഇപ്പോൾ വിഴുങ്ങിയിരിക്കുന്ന സൊമാറ്റോയ്ക്കും, സ്വിഗിക്കും ഒന്നും അത്ര മെച്ചമുള്ള അവസ്ഥയല്ല. ഒരുവിധം അവർ പിടിച്ചു നിൽക്കുന്നു എന്നുമാത്രം. ഇന്ത്യയിലെ ഭക്ഷണവിതരണ കമ്പനികൾ ഏകദേശം മൂന്നു ബില്യൺ ഡോളറോളം വിപണിയിൽ ഇറക്കി കളിച്ചുകഴിഞ്ഞ ശേഷമാണ് ഇവിടെ 'ഭക്ഷണം വിതരണം ചെയ്യുക' എന്ന പണി അത്ര ലാഭകരമായി നടത്തിക്കൊണ്ടുപോകാൻ പറ്റുന്ന ഒന്നല്ല എന്ന നഗ്നസത്യം തിരിച്ചറിയുന്നത്. വൈകിവന്ന ഈ വിവേകത്തിന്റെ ബലത്തിലാണ്, സ്വിഗ്ഗി തങ്ങളുടെ സ്വിഗ്ഗി സ്റ്റോർ വഴി ഗ്രോസറി വിതരണവുമായി ഇറങ്ങിയിരിക്കുന്നത്. സൊമാറ്റോ അതുപോലെ പരസ്യങ്ങളും, റെസ്റ്റോറന്റുകളും, സ്വർണ്ണം എന്നിവയിലേക്ക് വൈവിധ്യവൽക്കരിക്കാൻ ശ്രമിക്കുന്നത്. 

ഒരു വണ്ടി പോലും സ്വന്തമായില്ലാതെ ലോകത്തെ ഏറ്റവും വലിയ ടാക്സി സർവീസുകളിൽ ഒന്നായി മാറിയ കമ്പനിയാണ് ഊബർ. ട്രാവിസ് കലാനിക് എന്ന പ്രഭാവശാലിയായ സിഇഒ തന്റെ ടാക്സി സർവീസിന് പുറമെ തുടങ്ങിയ ഊബർ ഈറ്റ്‌സ് എന്ന ഭക്ഷണവിതരണ സ്ഥാപനത്തിന്റെ ഇന്ത്യൻ വിപണിയിലെ ദയനീയമായ തകർച്ചയ്ക്ക് കാരണമായ 5 മുഖ്യ കാരണങ്ങൾ ഇവയാണ്.

1 . ഭക്ഷണ വിപണിയുടെ സാധ്യതകളെക്കുറിച്ച് വെച്ചുപുലർത്തിയ അമിത പ്രതീക്ഷകൾ   

കഴിഞ്ഞ ഒക്ടോബറിൽ ഡാറ്റാലാബ്‌സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ഓൺലൈൻ ഭക്ഷണവിതരണവിപണി 12 ബില്യൺ ഡോളർ കടക്കും എന്നായിരുന്നു പ്രതീക്ഷ. 2008 -ൽ ഫുഡീലാബ്‌സ് എന്ന പേരിൽ തുടങ്ങിയ സൊമാറ്റോയും, പിന്നീട് രംഗത്തെത്തിയ സ്വിഗ്ഗിയും വിപണിയിൽ ചുവടുറപ്പിച്ച ശേഷമാണ്, 2017 -ൽ ഏറെ വൈകി മാത്രം ഊബർ ഈറ്റ്‌സ് ഈ രംഗത്തെത്തുന്നത്. നേരത്തെ വന്നു ചുവടുറപ്പിച്ച എതിരാളികളോട് മത്സരിച്ച് പിടിച്ചു നിൽക്കുക അതുകൊണ്ടുതന്നെ അവർക്ക് ഏറെ പ്രയാസമുള്ള പണിയായി മാറി. സ്വിഗ്ഗി, സൊമാറ്റോ വന്ന ശേഷമാണ് വന്നതെങ്കിലും അവർ കുറേക്കൂടി നല്ലൊരു യൂസർ എക്സ്പീരിയൻസ് നൽകി പിടിച്ചു നിന്നു. എന്നാൽ വൈകി രംഗത്തുവന്നിട്ടും, സ്വിഗിയേക്കാൾ മികച്ചതായി ഒരു സർവീസും ഊബർ ഈറ്റ്സിന് ഓഫർ ചെയ്യാനുണ്ടായിരുന്നില്ല. 

2 . വേണ്ടത്ര കസ്റ്റമർമാരെ സ്വാധീനിക്കാൻ സാധിക്കാതിരുന്നത് 

2008 -ൽ പ്രവർത്തനം തുടങ്ങിയ സൊമാറ്റോക്ക് ഇന്ന് 4 കോടി ഉപഭോക്താക്കളുണ്ട്. അഞ്ചുവർഷം കഴിഞ്ഞ്, 2013 -യിൽ പ്രവർത്തനം തുടങ്ങിയ സ്വിഗ്ഗിക്ക് ഇന്ന് 4.2 കോടി പേരും. എന്നാൽ, അവരെക്കാൾ ഒക്കെ ഏറെ വൈകി 2017 -ൽ മാത്രം പ്രവർത്തനം തുടങ്ങിയ ഊബർ ഈറ്റ്സിന് രണ്ടുവർഷം കൊണ്ട് നേടാനായത് ആകെ 1 കോടി ഉപഭോക്താക്കളെ മാത്രമാണ്. മാർക്കറ്റിലെ കാര്യമായ ഷെയർ കസ്റ്റമർമാരുടെ രൂപത്തിൽ കയ്യിലില്ലെങ്കിൽ ഈ വിപണിയിൽ പിടിച്ചു നിൽക്കുക അസാധ്യമാണ്. 

3 . ഒരുപാട് കിഴിവ് നൽകിക്കൊണ്ടുള്ള കച്ചവടരീതി 

 സൊമാറ്റോയും സ്വിഗിയുമൊക്കെ കൊടുക്കുന്നതിലും എത്രയോ അധികം കിഴിവ് നൽകിക്കൊണ്ടാണ് ഊബർ ഈറ്റ്‌സ് പ്രവർത്തനം തുടങ്ങിയത്. അങ്ങനെ പ്രവർത്തിക്കുമ്പോൾ ഉദ്ദേശിച്ചത്ര ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കാനും, ദിവസേന ഉദ്ദേശിക്കുന്നത്ര എണ്ണം ഡെലിവറികൾ നടത്താനായില്ലെങ്കിലും, വിപണിയിൽ പിടിച്ചു നിൽക്കുക പ്രയാസമാകും. 

4 . പിടിച്ചു നിർത്താനാകാതെ പോയ പ്രവർത്തനനഷ്ടം 

2019 -ൽ ഊബർ ഈറ്റ്സിന്റെ നഷ്ടം 2197 കോടി രൂപയായിരുന്നു. പ്രതിമാസം അത് വീണ്ടും നഷ്ടങ്ങൾ തന്നെയാണ് ബാലൻസ് ഷീറ്റിൽ കാണിച്ചുകൊണ്ടിരുന്നത്. ഇങ്ങനെ അധികകാലം പിടിച്ചു നില്ക്കാൻ ഒരു കമ്പനിക്കും സാധ്യമല്ലല്ലോ. 

5 . നിക്ഷേപകരിൽ നിന്നുള്ള പിന്തുണ നിലച്ചത് 

ചില കമ്പനികൾ തുടക്കത്തിലേ ഒന്നോ രണ്ടോ വർഷം നഷ്ടത്തിൽ പ്രവർത്തിച്ച ശേഷം പിന്നീട് ലാഭത്തിലേക്ക് വരാറുണ്ട്. അതിന് നഷ്ടത്തിൽ പ്രവർത്തിക്കുന്ന കാലത്ത് നിക്ഷേപകരിൽ നിന്ന് കൃത്യമായ പിന്തുണയുണ്ടാകേണ്ടതുണ്ട്. എല്ലാ പടത്തിലും കമ്പനി നഷ്ടങ്ങൾ മാത്രം ഉണ്ടാക്കുമ്പോൾ  ഒരു പരിധി കഴിഞ്ഞാൽ നിക്ഷേപകർക്ക് കമ്പനിയുടെ ഭാവിയിലുള്ള പ്രതീക്ഷ നഷ്ടപ്പെടും. നഷ്ടത്തെ ഒരു നിശ്ചിത സംഖ്യയിൽ പിടിച്ചു നിർത്താൻ വേണ്ടി അവർ ഒരു ഘട്ടമെത്തുമ്പോൾ ഇനിയും നിക്ഷേപിക്കേണ്ടതില്ല എന്ന് തീരുമാനിക്കും. അതോടെ പിന്നെ സ്ഥാപനത്തിന് തങ്ങളുടെ സ്ഥാവരജംഗമ സ്വത്തുക്കൾ മറ്റേതെങ്കിലും കമ്പനിക്കോ അല്ലെങ്കിൽ, എതിരാളികളിൽ ആർക്കെങ്കിലുമോ വിറ്റ് കളമൊഴിയുകയേ നിവൃത്തിയുള്ളൂ. അതുതന്നെയാണ് ഊബർ ഈറ്റ്സിന്റെ കാര്യത്തിൽ സംഭവിച്ചതും. 

click me!