സ്വര്‍ണവില കുതിക്കുന്നു, വില്‍ക്കുന്നവര്‍ തളരുന്നു: ഹാള്‍മാര്‍ക്ക് മുതല്‍ കള്ളക്കടത്ത് വരെ; പ്രതിസന്ധികള്‍ അവര്‍ തുറന്നുപറയുന്നു

By Anoop PillaiFirst Published Jan 21, 2020, 4:47 PM IST
Highlights

ജനുവരി എട്ടിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 

വലിയ പ്രതീക്ഷയോടെയാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ രാജ്യത്തെ സ്വര്‍ണ വ്യാപാര മേഖല കാണുന്നത്. ഹാള്‍മാര്‍ക്കിങ്, ഇറക്കുമതി ചുങ്കം തുടങ്ങിയ വിഷയങ്ങളില്‍ വ്യവസായം നിരവധി അനുകൂല തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. സ്വര്‍ണത്തിന്‍റെ പരുശുദ്ധി ഉറപ്പാക്കുന്ന ഗുണന്മ മുദ്രയായ ഹാള്‍മാര്‍ക്കിങ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. എങ്കിലും അടുത്ത വര്‍ഷം ജനുവരി വരെ ഇക്കാര്യത്തില്‍ ഇളവുകളുണ്ട്. ഇപ്പോഴുളള ഹാള്‍മാര്‍ക്ക് അല്ലാത്ത സ്വര്‍ണം ഹാള്‍മാര്‍ക്കിലേക്ക് മാറ്റാനാണ് ഈ സമയപരിധി. 

ഇനിമുതല്‍ രാജ്യത്ത് 14, 18, 22 കാരറ്റുകളിലുളള സ്വര്‍ണാഭരണങ്ങള്‍ മാത്രമേ വില്‍ക്കാന്‍ അനുവദിക്കുകയൊള്ളു. എന്നാല്‍, ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതിന് മുമ്പായി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ജ്വല്ലറി ഉടമകളും നിര്‍മാതാക്കളും പറയുന്നു. രാജ്യത്ത് അഞ്ചുലക്ഷത്തോളം സ്വർണവ്യാപാരികളാണുള്ളത്. ഒരു ലക്ഷത്തോളം നിർമാതാക്കളും ആയിരക്കണക്കിന് ഹോൾസെയിൽ ഡീലർമാരും ഈ മേഖലയിൽ പ്രവര്‍ത്തിക്കുന്നുണ്ട്.
 
27,000 ത്തോളം സ്വർണവ്യാപാരികൾ മാത്രമാണ് രാജ്യത്ത് ഹാൾമാർക്കിങ് ലൈസൻസ് എടുത്തിട്ടുള്ളത്. രാജ്യത്തൊട്ടാകെ 900 ൽ താഴെ ഹാൾമാർക്കിങ് സെന്ററുകൾ മാത്രമാണിന്നുളളത്. ഇത്തരം ഹാള്‍മാര്‍ക്കിങ് സെന്‍ററുകളെല്ലാം സ്വകാര്യ വ്യക്തികളുടേതാണ്. സർക്കാർ മേഖലയിൽ പേരിന് പോലും ഹാള്‍മാര്‍ക്കിങ് സെന്‍ററുകളില്ല. അതിനാല്‍ ഹാൾമാർക്കിങ് സെന്ററുകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ വ്യവസായത്തില്‍ വലിയ പ്രതിസന്ധിക്ക് അത് കാരണമായേക്കും. അതിനാല്‍ ഹാള്‍മാര്‍ക്ക് വിഷയത്തിലെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സമഗ്രമായ ഒരു പദ്ധതി വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. 

 കള്ളക്കടത്ത് കൂടുന്നു

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവാണ് ഇന്ത്യ. കഴിഞ്ഞ ബജറ്റില്‍ ഇറക്കുമതി ചുങ്കം സര്‍ക്കാര്‍ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇത് രാജ്യത്തേക്കുളള കള്ളക്കടത്ത് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുളളതായാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണയും  ഇറക്കുമതിച്ചുങ്കം കുറയ്ക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു വ്യവസായം. എന്നാൽ, രണ്ടര ശതമാനം വർദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇറക്കുമതി ചുങ്കം ആറ് ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ് വ്യവസായികളുടെ ആവശ്യം. എന്നാല്‍, വീണ്ടും നികുതി ബജറ്റില്‍ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത് മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. 

ഇറക്കുമതി ചുങ്കം ആറ് ശതമാനമാക്കി വെട്ടിക്കുറച്ച് കള്ളക്കടത്ത് അനാകർഷമാക്കണമെന്നാണ് സ്വർണ വ്യവസായ മേഖല ആവശ്യപ്പെടുന്നത്. ഇറക്കുമതിച്ചുങ്കം വീണ്ടും വർധിപ്പിക്കുമെന്ന സൂചനകൾ മേഖലയെ ഇപ്പോൾ തന്നെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കള്ളക്കടത്ത് സ്വർണ്ണം വ്യാപകമായി വിപണിയിൽ എത്തിയതോടെ നികുതി വരുമാനവും കുറഞ്ഞിരിക്കുകയാണ്. കള്ളക്കടത്തായി വരുന്ന സ്വർണമാണ് ഇപ്പോൾ വിപണിയിൽ പിടിമുറുക്കിയിരിക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്  അസോസിയേഷൻ(AKGSMA) സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ(GJC) ദേശീയ ഡയറക്ടറുമായ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

ഇതിനൊപ്പം സ്വര്‍ണത്തിന്‍റെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നും ജ്വല്ലറി ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു. സ്വര്‍ണത്തിന്‍റെ ജിഎസ്ടി നിരക്ക് മൂന്ന് ശതമാനത്തില്‍ നിന്ന് 1.50 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. "സ്വര്‍ണാഭരണ വ്യവസായത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 30 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. 2019 വരെയുളള കണക്കുകള്‍ പ്രകാരം വര്‍ഷാവര്‍ഷം സ്വര്‍ണ ഇറക്കുമതിയില്‍ 10 മുതല്‍ 15 ശതമാനം വരെ ഇടിവുണ്ടാകുകയാണ്. സര്‍ക്കാര്‍ നികുതി കുറച്ചില്ലെങ്കില്‍ വ്യവസായത്തിന് ഇനിയും പ്രതിസന്ധി കനക്കും, സ്വര്‍ണവില കൂടുന്നതും ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് അകറ്റുന്നുണ്ട്" ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയര്‍മാന്‍ അനന്ത പത്മനാഭന്‍ പറയുന്നു. 

റെക്കോര്‍ഡ് നിരക്ക് ജനുവരി എട്ടിന് !

ഒരുപാട് തൊഴില്‍ നഷ്ടവും വ്യവസായത്തില്‍ ഉണ്ടാകുന്നു, സ്വഭാവികമായും നികുതി നിരക്ക് കുറച്ച് വ്യവസായത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണെന്ന് അഡ്വ. എസ്. അബ്ദുൽ നാസർ അഭിപ്രായപ്പെടുന്നു. ജിഎസ്ടി നിരക്കും ഇറക്കുമതി ചുങ്കവും കുറയ്ക്കുന്നത് സംബന്ധിച്ച ആവശ്യവുമായി ധനമന്ത്രി നിര്‍മല സീതാരാമനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സമീപിച്ചിരുന്നതായും അനന്ത പത്മനാഭന്‍ വ്യക്തമാക്കി. 2020 ല്‍ പത്ത് ശതമാനം വളര്‍ച്ച വ്യവസായം കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്, എന്നാല്‍, മേഖലയില്‍ ഇടിവ് തുടരുന്ന സാഹചര്യത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. 

രാജ്യത്ത് വില കൂടുതലായതിനാല്‍ ദുബായ്, നേപ്പാള്‍, ശ്രീലങ്ക, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളെ സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ കൂടുതലായി ആശ്രിക്കുന്നതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ജനുവരി എട്ടിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്. സ്വര്‍ണത്തിന്‍റെ ആഗോള വിപണി വില ഇപ്പോഴും 1,500 ഡോളറിന് മുകളില്‍ തുടരുകയാണ്. ഇതാണ് രാജ്യത്തെ സ്വര്‍ണവില ക്രമാധീതമായി ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. അന്താരാഷ്ട്ര സാമ്പത്തിക -വ്യാപാര -രാഷ്ട്രീയ പ്രതിസന്ധികളാണ് പ്രധാനമായും സ്വര്‍ണവിലയെ കുത്തനെ കൂട്ടുന്നത്. 

ഈ സാഹചര്യത്തിലാണ് നികുതി നിരക്കുകള്‍ കുറച്ച് വ്യവസായത്തെ സംരക്ഷിക്കണമെന്ന് ജ്വല്ലറി ഉടമകള്‍ ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇറക്കുമതിക്ക് വലിയ തുക ചെലവാക്കേണ്ടി വരും. ഇതിനൊപ്പം ഇറക്കുമതി ചുങ്കം കൂടി വരുന്നതോടെ നിരക്ക് വീണ്ടും ഉയരും. ഈ സ്വര്‍ണം ആഭരണമായി ഉപഭോക്താക്കളുടെ കൈവശം എത്തുന്നതോടെ വില ആരുടെയും കണ്ണുതള്ളിക്കുന്ന തരത്തിലേക്ക് എത്തും. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. 
 

click me!