പ്രളയസെസ് ജനത്തിന് അധിക ഭാരമാകില്ല, ജിഎസ്ടി നെറ്റ്‍വര്‍ക്കിലെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രത്തിന് കത്തയച്ചു: തോമസ് ഐസക്

By Web TeamFirst Published Jun 4, 2019, 3:35 PM IST
Highlights

അടുത്ത ജിഎസ്ടി കൗണ്‍സില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കിഫ്ബിയുടെ ജനറല്‍ ബോഡി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ശതമാനത്തിനു മേല്‍ നികുതിയുളള ഉല്‍പ്പന്നങ്ങളില്‍ ജൂലൈ ഒന്നു മുതല്‍ പ്രളയ സെസ് ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.  

തിരുവനന്തപുരം: പ്രളയ സെസ് ജനങ്ങള്‍ക്ക് അധിക ഭാരം വരാത്ത വിധം നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന‍് മാത്രം സെസ് ഈടാക്കാന്‍ കഴിയുന്ന നിലയില്‍ ജിഎസ്ടി നെറ്റ‍്‍വര്‍ക്കില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി അദ്ദേഹം പറഞ്ഞു.

അടുത്ത ജിഎസ്ടി കൗണ്‍സില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കിഫ്ബിയുടെ ജനറല്‍ ബോഡി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ശതമാനത്തിനു മേല്‍ നികുതിയുളള ഉല്‍പ്പന്നങ്ങളില്‍ ജൂലൈ ഒന്നു മുതല്‍ പ്രളയ സെസ് ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.  കുട്ടനാട് കുടിവെളള പദ്ധതി ഉള്‍പ്പെടെ 1423 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി. മസാല ബോണ്ട് അടക്കം വിവിധ സ്രോതസുകളിലൂടെ കിഫ്ബിയിലേക്ക് പതിനായിരം കോടി രൂപ സമാഹരിക്കാനായതായി കിഫ്ബി ജനറല്‍ ബോഡി യോഗത്തിനു ശേഷം ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 

കുട്ടനാട് കുടിവെളള പദ്ധതിക്കായി 289.54 കോടി, ആലപ്പുഴ നഗരസഭയിലെ കുടിവെളള വിതരണ ശൃംഖല ശക്തിപ്പെടുത്താനായി 211 കോടി, തിരുവനന്തപുരത്തേക്ക് നെയ്യാറില്‍ നിന്ന് വെളളമെത്തിക്കുന്ന സമാന്തര ലൈനിനായി 206 കോടി, കൊട്ടാരക്കര താലൂക്ക് ആശുപത്രി വികസനത്തിന് 66 കോടി എന്നിങ്ങനെ 29 പദ്ധതികളിലായി 1423 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി ജനറല്‍ ബോഡി അംഗീകാരം നല്‍കിയത്. ഇതോടെ കിഫ്ബി വഴി അംഗീകാരം നല്‍കി വിവിധ പദ്ധതികളുടെ തുക 43,730 കോടിയായി ഉയര്‍ന്നതായി ധനമന്ത്രി പറഞ്ഞു. മസാല ബോണ്ടിനു പുറമെ പ്രവാസി ചിട്ടിയിലൂടെയും കിഫ്ബിയിലേക്ക് മികച്ച നിലയില്‍ ധനം സമാഹരിക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.  

click me!