വില്‍ക്കാനുളള പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയ്യാര്‍: കേന്ദ്ര ബജറ്റ് ഇക്കുറി നിര്‍ണായകമാകും

By Web TeamFirst Published Jun 25, 2019, 4:47 PM IST
Highlights

ഓഹരി വില്‍പ്പന നടത്താന്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുളള ആദ്യ സ്ഥാപനം എയര്‍ ഇന്ത്യയാണ്. പോയ വര്‍ഷം പലതവണ ശ്രമിച്ചിട്ടും നടക്കാതിരുന്നതോടെ ഈ വര്‍ഷം വില്‍പ്പനയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ലഘൂകരിക്കാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. ഇതിന്‍റെ ഭാഗമായി ഫലപ്രദമായ ഏത് ലയന നീക്കത്തോടും സഹകരിക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന. ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയുടെ 95 ശതമാനം ഓഹരികളും വിറ്റഴിക്കുകയാണ് സര്‍ക്കാര്‍ നയം. ശേഷിക്കുന്ന അഞ്ച് ശതമാനം ജീവക്കാര്‍ക്കായി വീതിച്ചു നല്‍കും. 

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ജൂലൈ അഞ്ചിന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഒരുപക്ഷേ എല്ലാവരും ശ്രദ്ധിക്കുക ആ പ്രഖ്യാപനമാകും. പൊതുമേഖല സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം ഖജനാവിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന തുകയെക്കുറിച്ചുളളതാകും ബജറ്റിലെ നിര്‍ണായക പ്രഖ്യാപനം. ഫെബ്രുവരിയില്‍ പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ലക്ഷ്യമായി കണ്ടിരുന്നത് 90,000 കോടി രൂപയായിരുന്നു. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിലും ലക്ഷ്യത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബജറ്റിന് മുന്‍പ് ധനമന്ത്രി നടത്തിയ കൂടിക്കാഴ്ചകളില്‍ ഒന്നും ഇതുമായി ബന്ധപ്പെട്ട് വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ല. കഴിഞ്ഞ ദിവസം ബജറ്റിന്‍റെ പ്രിന്‍റിങ് ആരംഭിക്കുകയും ചെയ്തു. ഓഹരി വില്‍പ്പന ലക്ഷ്യത്തില്‍ കുറവ് വരുത്തിയില്ലെങ്കില്‍ വരും നാളുകളിലും സര്‍ക്കാര്‍ നികുതി ഇതര വരുമാനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതായി കണക്കാക്കാം. നികുതി വരുമാനത്തില്‍ സംഭവിക്കുന്ന ഇടിവിന് പരിഹാരം കാണാനും ഇതിലൂടെ സര്‍ക്കാരിന് കഴിയും. റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കാനിടയുളള വിഹിതത്തിലും പൊതുമേഖല ഓഹരി വില്‍പ്പനയില്‍ നിന്ന് ഖജനാവിലെത്തുന്ന പണത്തിലും ഊന്നിയുളള മുന്നോട്ട് പോക്കിനാകും രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുകയെന്ന് ചുരുക്കം.

ലിസ്റ്റില്‍ പ്രഥമന്‍ എയര്‍ ഇന്ത്യ

സര്‍ക്കാരിന്‍റെ ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിനുള്ളില്‍ നിയന്ത്രിച്ച് നിര്‍ത്താനും ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാരിനാകും, നിലവില്‍ തുടര്‍ന്നുപോകുന്ന ക്ഷേമ പദ്ധതികള്‍ക്കുളള വിഹിതം കുറയാതെ നോക്കാനും സഹായകരമാണിത്. പൊതു മേഖല സ്ഥാപനങ്ങളുടെ തന്ത്രപരമായ ഓഹരി വില്‍പ്പനയുടെ ചുമതല വഹിക്കുന്ന ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് പബ്ലിക്ക് അസറ്റ് മാനേജ്മെന്‍റ് (ഡിഐപിഎഎം) 90,000 കോടിയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ വര്‍ഷം ഇതുവരെ ഡിഐപിഎഎം 2,357 കോടി രൂപ സമാഹരിക്കുകയും ചെയ്തുകഴിഞ്ഞു. 

ഓഹരി വില്‍പ്പന നടത്താന്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുളള ആദ്യ സ്ഥാപനം എയര്‍ ഇന്ത്യയാണ്. പോയ വര്‍ഷം പലതവണ ശ്രമിച്ചിട്ടും നടക്കാതിരുന്നതോടെ ഈ വര്‍ഷം വില്‍പ്പനയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ലഘൂകരിക്കാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. ഇതിന്‍റെ ഭാഗമായി ഫലപ്രദമായ ഏത് ലയന നീക്കത്തോടും സഹകരിക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന. ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയുടെ 95 ശതമാനം ഓഹരികളും വിറ്റഴിക്കുകയാണ് സര്‍ക്കാര്‍ നയം. ശേഷിക്കുന്ന അഞ്ച് ശതമാനം ജീവക്കാര്‍ക്കായി വീതിച്ചു നല്‍കും. വിവിധ പൊതുമേഖല കമ്പനി ഓഹരികളുടെ തന്ത്രപരമായ വില്‍പ്പനയും പൊതു മേഖല സംരംഭങ്ങളുടെ ഭൂമിയും വ്യവസായ യൂണിറ്റുകളുടെ വില്‍പ്പനയും ഡിഐപിഎഎമ്മിന്‍റെ ലക്ഷ്യത്തിലുണ്ട്. പൊതുമേഖല ഓഹരി വില്‍പ്പനയ്ക്ക് ഉപദേശങ്ങള്‍ നല്‍കാനായി ആറ് ട്രാന്‍സാക്ഷന്‍ അഡ്വൈസര്‍മാരെ നിയമിക്കാനുളള നടപടിക്രമങ്ങള്‍ ഡിഐപിഎഎമ്മിന്‍റെ ഭാഗത്ത് നിന്ന് പുരോഗമിക്കുകയാണ്. 

നിതി ആയോഗിന്‍റെ പട്ടിക

വില്‍ക്കാനുളള പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയത് നിതി ആയോഗാണ്. സര്‍ക്കാരിന്‍റെ 50 ല്‍ അധികം കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളെയാണ് ഇത്തരത്തില്‍ പട്ടികപ്പെടുത്തിയിട്ടുളളത്. വില്‍പ്പനയ്ക്കായി തയ്യാറാക്കിയ കമ്പനികളുടെ ലിസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്‍റിന് (ഡിഐപിഎഎം) നിതി ആയോഗ് നേരത്തെ സമര്‍പ്പിച്ചിരുന്നു. പ്രോജക്ട്സ് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെര്‍ഫാബ്, ബ്രിഡ്ജസ് ആന്‍ഡ് റൂഫ് കമ്പനി, സ്കൂട്ടേഴ്സ് ഇന്ത്യ, ഭാരത് പമ്പ്സ് ആന്‍ഡ് കപ്രസസേഴ്സ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ്, ഹിന്ദുസ്ഥാന്‍ ഫ്ലൂറോ കാര്‍ബണ്‍സ് എന്നീ സ്ഥാപനങ്ങളുടെ ഭൂമി, ഫാക്ടറികള്‍, അപ്പാര്‍ട്ട്മെന്‍റുകള്‍, ഓഫീസുകള്‍ തുടങ്ങിവ വില്‍ക്കാനായി കഴിഞ്ഞ വര്‍ഷം ഡിഐപിഎഎം തെരഞ്ഞെടുത്തിരുന്നു.  

75 ശതമാനത്തില്‍ കൂടുതല്‍ ഓഹരിയുളള കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും 75 ശതമാനത്തിന് പുറമേയുളള ഓഹരികള്‍ വില്‍ക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഡിഐപിഎഎം ഇതിന്‍റെ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുകയാണിപ്പോള്‍. ഈ വില്‍പ്പനയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുവദിച്ചിരിക്കുന്ന സമയപരിധി 2020 സെപ്റ്റംബറില്‍ അവസാനിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതു മേഖല ഓഹരി വില്‍പ്പനയിലൂടെ 84,972.16 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്.
  
 

click me!