വാഹനങ്ങള്‍ പിന്‍വലിക്കുന്നതിന് സമയപരിധി തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി, നീതി ആയോഗ് നിര്‍ദ്ദേശത്തില്‍ വാഹന വിപണിയിലെ ആശങ്ക വര്‍ധിക്കുന്നു

By Web TeamFirst Published Jul 29, 2019, 4:00 PM IST
Highlights

നീതി ആയോഗിന്‍റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും എന്നാല്‍, ഇത്തരമൊരു നീക്കത്തിന് കേന്ദ്രം ഇതുവരെ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.
 

ദില്ലി: പ്രതിസന്ധിയിലായി നില്‍ക്കുന്ന വാഹന വിപണിയുടെ ആശങ്ക വീണ്ടും വര്‍ധിപ്പിക്കുകയാണ് നീതി ആയോഗ് നിര്‍ദ്ദേശം. 2023 - 2025 ആകുന്നതോടെ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് പെട്രോള്‍, ഡീസല്‍ ഇന്ധനം ഉപയോഗിക്കുന്ന ഇരുചക്ര, മുചക്ര വാഹനങ്ങള്‍ പിന്‍വിലക്കണമെന്ന നീതി ആയോഗിന്‍റെയും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെയും നിര്‍ദ്ദേശമാണ് വാഹന നിര്‍മാതാക്കളുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നത്. 

എന്നാല്‍, കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വാഹന നിര്‍മാണ മേഖല ആശങ്കപ്പെടേണ്ടതില്ലെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചത്. നീതി ആയോഗിന്‍റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും എന്നാല്‍, ഇത്തരമൊരു നീക്കത്തിന് കേന്ദ്രം ഇതുവരെ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.

'ഇത്തരമൊന്ന് നടപ്പാക്കുന്നതിന് ഒരുപാട് ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്, ഇതിന് ഒരു സമയപരിധി നിശ്ചയിച്ചിട്ടില്ല. നീതി ആയോഗ് ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടത്തിവരുകയാണ്'. ധനമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മലിനീകരണ നിയന്ത്രണ ചട്ടപ്രകാരം വാഹനങ്ങള്‍ ബിഎസ് നാലില്‍ നിന്ന് ബിഎസ് ആറിലേക്ക് ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് നടപ്പാക്കാന്‍ വന്‍ നിക്ഷേപം വേണമെന്നാണ് വാഹന നിര്‍മാതാക്കള്‍ പറയുന്നത്. ഇതിനൊപ്പം 2023 ഓടെ പൂര്‍ണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറിയാല്‍ നഷ്ടം വര്‍ധിക്കുമെന്നാണ് ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളുടെ ആശങ്ക. 

click me!