ലണ്ടൻ: സാമ്പത്തിക ശാസ്ത്രത്തിനുള്ള 2019-ലെ നൊബേൽ പുരസ്കാര പട്ടികയിൽ ഇന്ത്യൻ വംശജനും. മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമായ അഭിജിത് ബാനർജി നൊബേൽ പുരസ്കാരം നേടിയ മൂന്ന് പേരിൽ ഒരാളാണ്.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്‍തർ ഡുഫ്ളോ, മിഖായേൽ ക്രെമർ എന്നിവരാണ് നൊബേൽ നേടിയ മറ്റ് രണ്ട് പേർ. അഭിജിത് ബാനർജിയുടെ പങ്കാളിയായ എസ്‍തർ ഡുഫ്ളോയും മസാച്യൂസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപികയാണ്. മിഖായേൽ ക്രെമർ ഹാർവാർഡ് സർവകലാശാലാ അധ്യാപകനാണ്. ആഗോള ദാരിദ്ര്യനിർമാർജനത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഗവേഷണങ്ങൾക്കാണ് മൂവർക്കും നൊബേൽ പുരസ്കാരം.
പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അഭിജിത് ബാനർജി.
1961-ൽ കൊൽക്കത്തയിലാണ് അഭിജിത് ബാനർജി ജനിച്ചത്. അച്ഛനായ ദീപക് ബാനർജിയും അമ്മ നിർമലാ ബാനർജിയും എക്കണോമിക്സ് അധ്യാപകരായിരുന്നു. പ്രസിഡൻസി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജെഎൻയുവിൽ നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്.
പിന്നീട് 1988-ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് അദ്ദേഹം പിഎച്ച്‍ഡി നേടി. ''വിവരവിനിമയത്തിന്‍റെ സാമ്പത്തിക ശാസ്ത്രം'' എന്നതായിരുന്നു ഹാർവാർഡിൽ അദ്ദേഹത്തിന്‍റെ തീസിസ് വിഷയം.
നിലവിൽ മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയിൽ അധ്യാപകനാണ് അഭിജിത് ബാനർജി. പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഹാർവാർഡ് സർവകലാശാലയിലും പ്രിൻസ്റ്റൺ സർവകലാശാലയിലും അദ്ദേഹം അധ്യാപകനായിരുന്നു. അധ്യാപനരംഗത്തായിരിക്കെയാണ് അദ്ദേഹം വികസനസാമ്പത്തിക ശാസ്ത്രത്തിൽ ശ്രദ്ധയൂന്നിയത്.
ജീവിതപങ്കാളി കൂടിയായ എസ്‍തർ ഡുഫ്ളോ, മിഖായേൽ ക്രെമർ, ജോൺ എ ലിസ്റ്റ്, സെന്തിൽ മുല്ലൈനാഥൻ എന്നീ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞർക്കൊപ്പം, അദ്ദേഹത്തിന്‍റെ ഗവേഷണങ്ങൾ ഏറെ ഖ്യാതി നേടിയതാണ്. ഇതേ ഗവേഷണ പങ്കാളികളിൽ രണ്ട് പേർ തന്നെയാണ് അദ്ദേഹത്തോടൊപ്പം നൊബേൽ സമ്മാനം പങ്കിട്ടതും.