അമേരിക്കന്‍ ഇടപെടല്‍, സൗദിയുടെ ഉറപ്പ്; ഇന്ത്യയ്ക്ക് ആശ്വാസമായി അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയിലെ സമ്മര്‍ദ്ദം കുറയുന്നു

By Web TeamFirst Published May 22, 2019, 3:41 PM IST
Highlights

ക്രൂഡ് ഓയിലിന് ചൊവ്വാഴ്ച 21 സെന്‍റ് ഉയര്‍ന്നിരുന്നു. അമേരിക്കയുടെ ഇറാന്‍ ഉപരോധവും സൗദിയ്ക്ക് നേരെയുണ്ടായ വിവിധ ആക്രമണങ്ങളും കാരണം അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുകയായിരുന്നു. 

ന്യൂയോര്‍ക്ക്: ബുധനാഴ്ച അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയത് ഇന്ത്യ അടക്കമുളള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തായായി. ആകെ എണ്ണ ഉപഭോഗത്തിന്‍റെ 83.7 ശതമാനം ഇറക്കുമതിയിലൂടെ നികത്തുന്ന രാജ്യമാണ് ഇന്ത്യ. ബ്രെന്‍റ് ക്രൂഡിന് അന്താരാഷ്ട്ര വിപണിയില്‍ 38 സെന്‍റിന്‍റെ (0.5 ശതമാനം) ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് 71.80 ഡോളറായി കുറഞ്ഞു.   

ക്രൂഡ് ഓയിലിന് ചൊവ്വാഴ്ച 21 സെന്‍റ് ഉയര്‍ന്നിരുന്നു. അമേരിക്കയുടെ ഇറാന്‍ ഉപരോധവും സൗദിയ്ക്ക് നേരെയുണ്ടായ വിവിധ ആക്രമണങ്ങളും കാരണം അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുകയായിരുന്നു. അമേരിക്കയുടെ ക്രൂഡ് ഉല്‍പ്പാദനം ഉയര്‍ന്നതായുളള അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രഖ്യാപനവും എണ്ണവില ഉയരാതെ നോക്കുമെന്ന സൗദി അറേബ്യയുടെ ഉറപ്പുമാണ് ഇന്ന് വില കുറയാന്‍ ഇടയാക്കിയത്. 

അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആഴ്ച യുഎസ് 24 ലക്ഷം ബാരല്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ആകെ കരുതല്‍ എണ്ണ വിഹിതം 4802 ലക്ഷം ബാരലിലേക്ക് എത്തി. ഇതോടെ യുഎസിന്‍റെ എണ്ണ കരുതല്‍ ശേഖരത്തില്‍ കുറവുണ്ടായതായ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് തെളിഞ്ഞു. ഇതിന് പുറമേ വിപണിയില്‍ ഇടപെട്ട് എണ്ണവില നിയന്ത്രിച്ച് നിര്‍ത്തുമെന്ന സൗദിയുടെ ഉറപ്പുകൂടി പുറത്ത് വന്നതോടെ അന്താരാഷ്ട്ര തലത്തില്‍ നിലനിന്ന ഭീതിക്ക് ശമാനമുണ്ടായി. ഇതോടെ എണ്ണ വിലയിലും കുറവുണ്ടായി.    

click me!