സ്വര്‍ണവില ഇടിഞ്ഞു, ഉള്ളിവില കുതിക്കുന്നു: സവാള കിട്ടാനില്ലാതെ വലഞ്ഞ് മലയാളികള്‍

By Web TeamFirst Published Dec 5, 2019, 3:14 PM IST
Highlights

അതിനിടെ ഉള്ളി വില നിയന്ത്രിക്കാൻ വിവിധ വിദേശരാജ്യങ്ങളിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നുണ്ട്. തുർക്കിയിൽ നിന്ന് 4,000 ടൺ ഇറക്കുമതി ചെയ്യാനാണ് ഏറ്റവും ഒടുവിൽ ഓർഡർ നൽകിയിരിക്കുന്നത്. 

തിരുവനന്തപുരം: സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ തന്നെ ബുദ്ധിമുട്ടിലാക്കി വലിയ ഉള്ളി (സവാള) വില റെക്കോർഡിട്ട് കുതിക്കുന്നു. ഇന്ന് തിരുവനന്തപുരം ചാല മാർക്കറ്റിലും കോഴിക്കോട്ടെ ഗ്രാന്റ് ഫ്രഷ് സൂപ്പർമാർക്കറ്റിലും കിലോയ്ക്ക് 149 രൂപ നിരക്കിലാണ് ഉള്ളി വിൽക്കുന്നത്. അതേസമയം കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവുണ്ടായി. ചെറിയ ഉള്ളിക്ക് ഇന്ന് തലസ്ഥാന നഗരത്തില്‍ കിലോയ്ക്ക് 173 രൂപയാണ് നിരക്ക്. വില സര്‍വകാല റെക്കോര്‍ഡിലെത്തിയതോടെ പച്ചക്കറിക്കടകളില്‍ ഉളളി വാങ്ങാന്‍ പോലും ലഭിക്കാത്ത അവസ്ഥയായി.  

ഗ്രാമിന് 3560 രൂപയാണ് ഇന്നത്തെ സ്വർണ്ണത്തിന്റെ കേരളത്തിലെ വില. 22 കാരറ്റ് സ്വർണ്ണം പവന് 28,480 രൂപ നൽകണം. ഇന്നലെ 3580 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 28,640 രൂപയും. ഇന്ന് 20 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിനുണ്ടായ കുറവ്. ഒരു പവന് സ്വര്‍ണത്തിന് 160 രൂപയും കുറഞ്ഞു.

ഈ പോക്ക് പോവുകയാണെങ്കിൽ ഉള്ളി വില, സ്വർണ്ണത്തിന് ഭീഷണിയാകുമോയെന്ന ആധിയിലാണ് ജനം. രാജ്യത്തെല്ലായിടത്തും ഉള്ളിക്ക് തീവിലയാണെന്നത് പൊതു ജനത്തിന്‍റെ ആശങ്ക വര്‍ധിപ്പിക്കുന്നു. മൂന്ന് ദിവസം മുൻപ് തന്നെ കൊൽക്കത്ത നഗരത്തിൽ ഉള്ളിക്ക് 150 രൂപയായിരുന്നു നിരക്ക്. മഹാരാഷ്ട്രയിൽ ചെലയിടത്തും നേരത്തെ തന്നെ ഉയർന്ന വിലയായിരുന്നു.

അതിനിടെ ഉള്ളി ഉപയോഗിക്കാറില്ലെന്ന ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവന കടുത്ത പ്രതിഷേധത്തിനാണ് വഴിതുറന്നിരിക്കുന്നത്. "ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല, ഉള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് വരുന്നത്" എന്നായിരുന്നു ധനമന്ത്രിയുടെ പാർലമെന്റിലെ പ്രതികരണം. നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ മറുപടി പറയുന്ന 20 സെക്കന്‍റുള്ള ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. പാർലമെന്റിൽ എൻസിപി അംഗം സുപ്രിയ സുലേയുടെ ചോദ്യത്തിന് മറുപടി പറയാൻ എഴുന്നേറ്റ മന്ത്രിയോട് പ്രതിപക്ഷത്തെ മറ്റൊരംഗം ഈജിപ്ഷ്യൻ ഉള്ളിയാണോ കഴിക്കുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു ധനമന്ത്രി ഈ പ്രതികരണം നടത്തിയത്. ധനമന്ത്രിയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.

അതിനിടെ ഉള്ളി വില നിയന്ത്രിക്കാൻ വിവിധ വിദേശരാജ്യങ്ങളിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നുണ്ട്. തുർക്കിയിൽ നിന്ന് 4,000 ടൺ ഇറക്കുമതി ചെയ്യാനാണ് ഏറ്റവും ഒടുവിൽ ഓർഡർ നൽകിയിരിക്കുന്നത്. തുർക്കിയിൽ നിന്ന് നേരത്തെ 11000 മെട്രിക് ടൺ ഉള്ളിക്കും ഈജിപ്തിൽ നിന്ന് 6,090 മെട്രിക് ടൺ ഉള്ളിയും ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതിന് പുറമെയാണ് 4000 ടൺ കൂടി ഇറക്കുമതി ചെയ്യുന്നത്. 1.2 ലക്ഷം ടൺ ഉള്ളി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. ഇതിനോടകം 21,000 ടൺ ഇറക്കുമതി ചെയ്തിട്ടുണ്ട്.

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിൽ ഒത്തുതീർപ്പിലെത്താത്തതാണ് ആഗോള വിപണിയിൽ സ്വർണ്ണവില ഉയർത്തുന്നത്. എങ്കിലും ആഗോള വിപണയില്‍ ഇന്ന് വളരെ നേരിയ വർധന മാത്രമാണ് വിലയിൽ ഉണ്ടായത്. അമേരിക്കയിൽ ബുധനാഴ്ച 1,484 ഡോളറായിരുന്നു സ്വർണ്ണവില. ട്രംപ് സർക്കാർ ചൈനയുമായി വ്യാപാര കരാർ ഒപ്പുവയ്ക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വില കുറയുകയായിരുന്നു.

click me!