ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കുടുക്കിട്ട് റിസര്‍വ് ബാങ്ക്; 1851 സ്ഥാപനങ്ങളുടെ അനുമതി റദ്ദാക്കി

By Web TeamFirst Published Aug 22, 2019, 1:27 PM IST
Highlights

ഹൗസിംഗ് ഫിനാന്‍സ് രംഗത്തെ വമ്പന്മാരായ ദെവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന്‍, റിലയന്‍സ് ഹോം ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ തിരിച്ചടവ് മുടക്കിയത് മേഖലയുടെ ഗുരുതരമായ പ്രതിസന്ധി വെളിവാക്കുന്നു.

മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിട്ട റിസര്‍വ് ബാങ്ക് നടപടി സാമ്പത്തിക മേഖലക്ക് കൂടുതല്‍ തിരിച്ചടിയാകുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 1851 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനാണ് റിസര്‍വ് ബാങ്ക് റദ്ദാക്കിയത്. മുന്‍ വര്‍ഷത്തേക്കാള്‍ എട്ട് മടങ്ങ് അധികം സ്ഥാപനങ്ങളെയാണ് ആര്‍ബിഐ വിലക്കിയത്. 9700 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തിക്കാനാവശ്യമായ മിനിമം ഫണ്ട് ഇല്ലാത്തതിനാലാണ് ധനകാര്യ സ്ഥാപനങ്ങളുടെ അനുമതി റദ്ദാക്കിയതെന്നാണ് ആര്‍ബിഐ വിശദീകരണം. 

ഹൗസിംഗ് ഫിനാന്‍സ് രംഗത്തെ വമ്പന്മാരായ ദെവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന്‍, റിലയന്‍സ് ഹോം ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ തിരിച്ചടവ് മുടക്കിയത് മേഖലയുടെ ഗുരുതരമായ പ്രതിസന്ധി വെളിവാക്കുന്നു. ആഭ്യന്തര പണ വിപണിയില്‍ ഇത്തരം സ്ഥാപനങ്ങളുടെ സ്വീകാര്യതയും കുറഞ്ഞുവരുന്നതും ആര്‍ബിഐ നടപടിക്ക് കാരണമായി. 

കഴിഞ്ഞ മാസമാണ് ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടെ നിയന്ത്രണം നാഷണല്‍ ഹൗസിംഗ് ബാങ്കില്‍നിന്ന് മാറ്റി ആര്‍ബിആക്ക് നല്‍കിയത്. അതിന് ശേഷമാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആര്‍ബിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു. 
ബാങ്കിതര ധനകാര്യമേഖലകള്‍ തളരുന്നതോടെ ചെറുകിട വ്യവസായ മേഖലക്ക് കടുത്ത ക്ഷീണമാകും. വാഹന വിപണിയും ഹൗസിംഗ് മേഖലയും ബാങ്കിതര ധനകാര്യ മേഖലയെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. 

click me!