ഹോങ്കോങില്‍ കാര്യങ്ങള്‍ ഇനി 'എളുപ്പമാകില്ല', ലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ചീഫ് എക്സിക്യൂട്ടിവ് കാരി ലാം

By Web TeamFirst Published Aug 21, 2019, 12:13 PM IST
Highlights

ഹോങ്കോങിലെ കുറ്റവാളികളെ വിചാരണ ചെയ്യാന്‍ ചൈനയ്ക്ക് കൈമാറുന്ന ബില്ലുമായി കാരി ലാം മുന്നോട്ട് വന്നതാണ് ഹോങ്കോങ് പ്രക്ഷേപം ശക്തിപ്പെടാന്‍ കാരണമായത്. ചൈനീസ് പിന്തുണയുളള ഭരണാധികാരിയാണ് ലാം. 

ഹോങ്കോങ്: ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും നിക്ഷേപകരുടെയും പ്രിയപ്പെട്ട നഗരമാണ് ഹോങ്കോങ്. ബിസിനസ് തുടങ്ങാന്‍ ലോകത്തെ ഏറ്റവും എളുപ്പമുളള നഗരങ്ങളില്‍ ഒന്നായാണ് ഹോങ്കോങ് അറിയപ്പെടുന്നത്. എന്നാല്‍, അടുത്തകാലത്ത് പടര്‍ന്നുപിടിച്ച ജനാധിപത്യ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഹോങ്കോങ് സമ്പദ്‍വ്യവസ്ഥ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

രാജ്യത്ത് ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് 2019 ലെ പ്രതീക്ഷിത മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ കുറവ് വരുത്തിയതായി ചീഫ് എക്സിക്യൂട്ടിവ് കാരി ലാം അറിയിച്ചു. നേരത്തെ 2-3 ശതമാനമായിരുന്ന പ്രതീക്ഷിത ജിഡിപി 0-1 ശതമാനത്തിലേക്കാണ് കുറച്ചത്. ഇതോടെ ഹോങ്കോങില്‍ നിക്ഷേപം നടത്തിയിട്ടുളളവര്‍ വലിയ ആശങ്കയിലായി. 

ഹോങ്കോങിലെ കുറ്റവാളികളെ വിചാരണ ചെയ്യാന്‍ ചൈനയ്ക്ക് കൈമാറുന്ന ബില്ലുമായി കാരി ലാം മുന്നോട്ട് വന്നതാണ് ഹോങ്കോങ് പ്രക്ഷേപം ശക്തിപ്പെടാന്‍ കാരണമായത്. ചൈനീസ് പിന്തുണയുളള ഭരണാധികാരിയായ ലാം, ജൂണ്‍ ആദ്യവാരം സമരം കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് ബില്ല് തല്‍ക്കാലം പിന്‍വലിച്ചു. എന്നാല്‍. പ്രക്ഷോഭകര്‍ ലാമിന്‍റെ തീരുമാനത്തിന് വഴങ്ങിയില്ല. ഇനി ഒരിക്കലും ഇത്തരത്തിലൊരു ബില്ലുമായി ലാം എത്തില്ലെന്ന് ഭരണകൂടത്തില്‍ നിന്ന് ഉറപ്പ് വേണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. 

ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ കൈയിലേക്ക് ഹോങ്കോങുകാരെ കിട്ടിയാലുളള അവസ്ഥയെക്കുറിച്ച് ബോധ്യമുളളതിനാലാണ് ജനം പ്രക്ഷോഭം കടുപ്പിക്കുന്നത്. ഉദാര നിയമവ്യവസ്ഥ നിലനില്‍ക്കുന്ന ഹോങ്കോങിന്‍റെ നല്ലകാലം 2047 ആകുമ്പോഴേക്കും അവസാനിക്കുമെന്ന ഭയത്തിലാണ് ജനം തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത്. 
 

click me!