റിസർവ് ബാങ്കിന്റെ വായ്പാനയ അവലോകനം ഇന്ന്; റിപ്പോനിരക്ക് കുറച്ചേക്കും

By Web TeamFirst Published Oct 4, 2019, 6:57 AM IST
Highlights

സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടും വാഹനവിപണിക്കടക്കം കരകയറാനായിട്ടില്ല. ഈ സാഹചര്യത്തിൽ റിപ്പോനിരക്ക് വീണ്ടും കുറച്ച് വായ്പ വിതരണം മെച്ചപ്പെടുത്താൻ റിസര്‍വ് ബാങ്ക് ശ്രമിച്ചേക്കും.

ദില്ലി: റിസർവ് ബാങ്കിന്റെ വായ്പ നയ അവലോകനം ഇന്ന്. സമ്പദ് വളർച്ചയ്ക്ക് ഉണർവേകാൻ റിസർവ് ബാങ്ക് തുടർച്ചയായ അഞ്ചാംവട്ടവും റിപ്പോനിരക്ക് കുറച്ചേക്കുമെന്നാണ് പ്രതീക്ഷ. പലിശ നിരക്കിൽ 35 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തി കഴിഞ്ഞ വായ്പാനയ അവലോകനത്തിലൂടെ റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടത് സാമ്പത്തിക മേഖലയുടെ തിരിച്ചുവരവായിരുന്നു. എന്നാല്‍ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റം ഇപ്പോഴുമുണ്ടായിട്ടില്ല.

കേന്ദ്രസർക്കാരിന്റെ ജിഎസ്ടി വരുമാനത്തിലും കുത്തനെ ഇടിവുണ്ടായി. സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടും വാഹനവിപണിക്കടക്കം കരകയറാനായിട്ടില്ല. ഈ സാഹചര്യത്തിൽ റിപ്പോനിരക്ക് വീണ്ടും കുറച്ച് വായ്പ വിതരണം മെച്ചപ്പെടുത്താൻ റിസര്‍വ് ബാങ്ക് ശ്രമിച്ചേക്കും. റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് റിസര്‍വ് ബാങ്ക് വീണ്ടും വരുത്തിയേക്കുമെന്നാണ് സൂചന. 

ഈ വര്‍ഷം ഇതുവരെ മുതൽ നാലുതവണയായി റിപ്പോ നിരക്കില്‍ കേന്ദ്ര ബാങ്ക് 110 ബേസിസ് പോയിന്റുകളുടെ കുറവ് വരുത്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ റിപ്പോ നിരക്കിൽ 35 ബേസിസ് പോയിന്റിന്റെ കുറവാണ് റിസർവ് ബാങ്ക് വരുത്തിയത്. നിലവിൽ 5.40 ശതമാനമാണ് റിപ്പോ നിരക്ക്. റിവേഴ്സ് റിപ്പോ നിരക്ക് 5.15 ശതമാനവും. രാജ്യത്തെ വാണിജ്യ ബാങ്കുകളോട് പലിശ നിരക്ക് കുറക്കാന്‍ റിസര്‍വ് നൽകുന്ന പരോക്ഷ നിർദേശമാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നതിലൂടെ നൽകുന്നത്. 

click me!