കോടിക്കണക്കുകള്‍ വെട്ടിമാറ്റി !, ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് കോടികളുടെ കിട്ടാക്കടം എഴുതിത്തള്ളി

By Web TeamFirst Published Oct 10, 2019, 3:47 PM IST
Highlights

2019 മാർച്ച് 31 വരെ 37,700 കോടി രൂപയുടെ വായ്പകളെ തിരിച്ചുപിടിക്കാനാകാത്തവയായി എസ്ബിഐ പ്രഖ്യാപിച്ചു. 500 കോടി രൂപയും അതിൽ കൂടുതലും വായ്പയെടുത്ത 33 പേരുടേതാണ് ഈ വായ്പകള്‍. 

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 76,600 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി, 220 പേരുടെ വായ്പകളാണ് ഇത്തരത്തില്‍ എഴുതിത്തള്ളിയത്. 100 കോടി രൂപയില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയ വായ്പകളാണ് ഇവ ഓരോന്നും.

2019 മാർച്ച് 31 വരെ 37,700 കോടി രൂപയുടെ വായ്പകളെ തിരിച്ചുപിടിക്കാനാകാത്തവയായി എസ്ബിഐ പ്രഖ്യാപിച്ചു. 500 കോടി രൂപയും അതിൽ കൂടുതലും വായ്പയെടുത്ത 33 പേരുടേതാണ് ഈ വായ്പകള്‍. 

വിവരാവകാശ നിയമപ്രകാരം ഒരു പ്രമുഖ ന്യൂസ് ചാനലിന് റിസർവ് ബാങ്ക് നൽകിയ റിപ്പോര്‍ട്ടിലാണ് ഏറ്റവും പുതിയ ഈ വിവരങ്ങളുളളത്. മാർച്ച് 31, 2019 വരെ എഴുതിത്തള്ളിയ ബാങ്ക് തിരിച്ചുള്ള 100 കോടി, 500 കോടി രൂപയുടെ വായ്പകളുടെ കണക്കുകളാണിത്. കിട്ടക്കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ മുന്നിലുളളത് പൊതുമേഖല ബാങ്കുകളാണ്. 500 കോടിയോ അതില്‍ കൂടുതലോ വായ്പയുളള 33 ഉം 100 കോടിയോ അതില്‍ കൂടുതലോ കടമെടുത്ത 220 വായ്പകളും സ്റ്റേറ്റ് ബാങ്ക് എഴുതിത്തള്ളി. പഞ്ചാബ് നാഷണല്‍ ബാങ്കാണ് എഴുതിത്തള്ളില്‍ രണ്ടാം സ്ഥാനം. എന്നാല്‍, രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ കടം എഴുതി മാറ്റുന്നതില്‍ പിന്നിലാണ്. 100 കോടിയോ അതില്‍ കൂടുതലോ കടമുളള 37 വായ്പകള്‍ മാത്രമാണ് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ എഴുതി മാറ്റിയത്. 500 കോടിയില്‍ കൂടുതലുളള വായ്പകളെ ഒന്നും ഐസിഐസിഐ എഴുതിത്തളളിയിട്ടില്ല.   

രാജ്യത്തെ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്ന് 100 കോടി രൂപയോ അതിൽ കൂടുതലോ വായ്പയെടുത്ത സ്ഥാപനങ്ങൾക്കായി മൊത്തം 2.75 ലക്ഷം കോടി രൂപ എഴുതിത്തള്ളി. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 500 കോടി രൂപയും അതിൽ കൂടുതലും വായ്പ നൽകിയവരുടെ 67,600 കോടി രൂപ കിട്ടകടമായി പ്രഖ്യാപിച്ചു.
 

click me!