ഓഗസ്റ്റ് മാസത്തില്‍ ലക്ഷ്യം നേടാനായില്ല, ജിഎസ്ടി വരുമാന ലക്ഷ്യത്തില്‍ വീണ്ടും ഇടിവ്

By Web TeamFirst Published Sep 1, 2019, 6:27 PM IST
Highlights

ജൂലൈ മാസം സര്‍ക്കാരിന് ജിഎസ്ടിയില്‍ നിന്ന് 1.02 ലക്ഷം കോടി രൂപ നേടിയെടുക്കാനായിരുന്നു. എന്നാല്‍, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആഗസ്റ്റില്‍ ജിഎസ്ടി വരുമാനത്തില്‍ 4.5 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി.

ദില്ലി: ഓഗസ്റ്റില്‍ ജിഎസ്ടി വരുമാന ലക്ഷ്യം നേടാന്‍ സര്‍ക്കാരിനായില്ല. ഓഗസ്റ്റ് മാസത്തില്‍ ജിഎസ്ടിയില്‍ നിന്ന് 98,202 കോടി രൂപയാണ് വരുമാനമായി സര്‍ക്കാരിന് ലഭിച്ചത്. മാസം ഒരു ലക്ഷം കോടി രൂപയുട‍െ വരുമാനം നേടിയെടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. 

ജൂലൈ മാസം സര്‍ക്കാരിന് ജിഎസ്ടിയില്‍ നിന്ന് 1.02 ലക്ഷം കോടി രൂപ നേടിയെടുക്കാനായിരുന്നു. എന്നാല്‍, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആഗസ്റ്റില്‍ ജിഎസ്ടി വരുമാനത്തില്‍ 4.5 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. 2019 ജൂണില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെപ്പോയിരുന്നു. ജൂണില്‍ 99,939 കോടിയായിരുന്നു ആകെ വരുമാനം. 

കേന്ദ്ര ജിഎസ്ടി വരുമാനം ആഗസ്റ്റില്‍ 17,733 കോടിയും സംസ്ഥാന ജിഎസ്ടി വരുമാനം 24,239 കോടി രൂപയുമാണ്. സംയോജിത ജിഎസ്ടി നിന്ന് 48,958 കോടിയും സര്‍ക്കാരിലേക്കെത്തി ( ഇറക്കുമതിയില്‍ നിന്ന് പിരിച്ച 24,239 കോടി ഉള്‍പ്പടെ). 

click me!