50 ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും; മൊബൈല്‍ ചാര്‍ജറുകള്‍ മുതല്‍ ആഭരണങ്ങള്‍ വരെ പട്ടികയില്‍ ഉളളതായി സൂചന

By Web TeamFirst Published Jan 25, 2020, 2:38 PM IST
Highlights

ഉത്തേജക നടപടികൾക്കൊപ്പം ധനമന്ത്രി നിർമ്മല സീതാരാമന് ഈ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. 
 

ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഗുഡ്സ്, കെമിക്കൽസ്, കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെ 50 ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു.

2020 -21 ലെ വാർഷിക ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമ്പോൾ സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കാനുള്ള മറ്റ് ഉത്തേജക നടപടികൾക്കൊപ്പം ധനമന്ത്രി നിർമ്മല സീതാരാമന് ഈ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. 

മൊബൈൽ ഫോൺ ചാർജറുകൾ, വ്യാവസായിക രാസവസ്തുക്കൾ, വൈദ്യുത വിളക്കുകൾ, മരം കൊണ്ടുള്ള ഫർണിച്ചർ, മെഴുകുതിരികൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് ഉയർന്ന കസ്റ്റംസ് തീരുവ പ്രഖ്യാപിച്ചേക്കുമെന്ന് ഇക്കാര്യത്തിൽ നേരിട്ട് അറിവുള്ള രണ്ട് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇലക്ട്രിക് ചാര്‍ജറുകള്‍ ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍, വൈബ്രേറ്റര്‍, റിംഗറുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നവര്‍, ഇന്ത്യയില്‍ വിപണി വ്യാപനത്തിന് തയ്യാറെടുക്കുന്ന ഐകിയ തുടങ്ങിയവരെ പ്രഖ്യാപനം ദോഷകരമായി ബാധിച്ചേക്കാം. വാണിജ്യ -ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പാനല്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ ഇറക്കുമതി തീരുവ ഉയര്‍ത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

ലക്ഷ്യം വ്യാവസായിക ഉല്‍പ്പാദനം ഉയര്‍ത്തുക  

അനാവശ്യ ഇറക്കുമതികള്‍ നിയന്ത്രിക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവച്ചാണ് ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതോടെ രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ആസിയാനില്‍ നിന്നും ചൈന പോലെയുളള രാജ്യങ്ങളില്‍ നിന്നും ഗുണ നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് എത്തുന്നത് തടയാനും സര്‍ക്കാരിന് ആലോചനയുളളതായാണ് റിപ്പോര്‍ട്ടുകള്‍. 

2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ചില മേഖലകളില്‍ നിന്നുളള ഇറക്കുമതി നിയന്ത്രിക്കാനുളള നടപടികള്‍ക്ക് പ്രധാന്യം നല്‍കി വരുന്നുണ്ട്. ഉല്‍പ്പാദനം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപം എത്തിക്കാനും കഴിഞ്ഞകാലങ്ങളിലെ നയതീരുമാനങ്ങളിലൂടെ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. 

പ്രാദേശിക വ്യവസായങ്ങളുമായി കൂടിയാലോചിച്ച് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി തുടക്കത്തിൽ ഏകദേശം 100 ബില്യൺ ഡോളർ മൂല്യമുള്ള 130 ലധികം ഇനങ്ങൾ ലക്ഷ്യമിട്ടുളള നിയന്ത്രണത്തിന് പദ്ധതിയിട്ടിരുന്നു, എന്നാൽ, അതിനുശേഷം ഈ പട്ടികയില്‍ മാറ്റമുണ്ടായതായി ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

click me!