അമേരിക്കന്‍ പ്രതിനിധി ഇന്ത്യയിലേക്ക് വരുന്നു, മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ യുഎസിന് ഇളവ് ലഭിച്ചേക്കും

By Web TeamFirst Published Jan 29, 2020, 11:21 AM IST
Highlights

അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ വ്യാപാരക്കരാറില്‍ ഒപ്പ് വയ്ക്കാനാകുമെന്നാണ് ഇരു രാജ്യങ്ങളും കരുതുന്നത്. 

ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി യുഎസ് വ്യാപാര പ്രതിനിധി ഇന്ത്യയിലേക്ക്. യുഎസ് വ്യാപാര പ്രതിനിധി റോബർട്ട് ലൈറ്റ്ഹൈസറാണ് ഫെബ്രുവരി രണ്ടാം വാരത്തില്‍ ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യ -അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ നടത്തുന്നതിന്‍റെ ഭാഗമായാണ് ഈ സന്ദര്‍ശനം എന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ വ്യാപാരക്കരാറില്‍ ഒപ്പ് വയ്ക്കാനാകുമെന്നാണ് ഇരു രാജ്യങ്ങളും കരുതുന്നത്. നേരത്തെ ഇന്ത്യന്‍ വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ റോബർട്ട് ലൈറ്റ്ഹൈസറെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

പ്രസിഡന്റിന്റെ സന്ദർശന വേളയിൽ യുഎസുമായി പ്രതിരോധം, ഊർജ്ജം തുടങ്ങിയ മേഖലകളില്‍ കരാറുകൾ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. 

ട്രംപിന്റെ സന്ദർശനം നിലവിൽ വാഷിംഗ്ടണിൽ നടന്നുകൊണ്ടിരിക്കുന്ന ഇംപീച്ച്‌മെന്റ് വിചാരണയ്ക്കിടയിലായിരിക്കാം. സാക്ഷികളുടെ ഒരു നീണ്ട നിര ആഴ്ചകളിലോ മാസങ്ങളിലോ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യതയുണ്ട്.

ദില്ലിയും വാഷിംഗ്ടണും സാധ്യമായ ഇടപാടിന്റെ രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. മെഡിക്കൽ ഉപകരണങ്ങളുടെ വില നിർണ്ണയ സംവിധാനത്തിൽ‌ ഇളവുകൾ വരുത്താൻ ഇന്ത്യ സന്നദ്ധമാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം വരെ രണ്ടായിരത്തോളം ഉൽ‌പന്നങ്ങളുടെ തീരുവ രഹിത കയറ്റുമതിക്ക് ഇന്ത്യ അനുവദം നൽകിയിരുന്നു. ഇത് പുന:സ്ഥാപിക്കണമെന്ന ആവശ്യം അമേരിക്ക മുന്നോട്ട് വയ്ക്കാനാണ് സാധ്യത. 

ചൈനയുമായുള്ള “ഒന്നാം ഘട്ട” വ്യാപാര കരാറിനെത്തുടർന്ന്, ഇന്ത്യയുമായുള്ള ഭാഗിക വ്യാപാര ഉടമ്പടി ഉണ്ടായാൽ പോലും തിരഞ്ഞെടുപ്പ് വർഷത്തിൽ മറ്റൊരു നയ വിജയം രജിസ്റ്റർ ചെയ്യാൻ ട്രംപിനെ സഹായിക്കും. 

click me!