അടുത്ത സാമ്പത്തിക വര്‍ഷം ഏതൊക്കെ പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കും; കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ലക്ഷ്യം എന്താകും ?

By Web TeamFirst Published Jan 28, 2020, 5:01 PM IST
Highlights

കേന്ദ്ര ബജറ്റിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ (പി‌എസ്‌യു) സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ താഴെയാക്കാനും സാധ്യതയുണ്ട്.

2020-21 ബജറ്റിലെ പൊതുമേഖല ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം ഒരു ലക്ഷം കോടി രൂപയായി നിലനിര്‍ത്താന്‍ സാധ്യത, അങ്ങനെയെങ്കില്‍ ഇത് 2020 സാമ്പത്തിക വർഷം തീരുമാനിച്ച വിറ്റഴിക്കല്‍ ലക്ഷ്യത്തെക്കാള്‍ 10,000 കോടി രൂപ കുറവായിരിക്കും. 

കേന്ദ്ര ബജറ്റിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ (പി‌എസ്‌യു) സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ താഴെയാക്കാനും സാധ്യതയുണ്ട്. ബി‌പി‌സി‌എൽ ഓഹരി വിറ്റഴിക്കൽ ഈ സാമ്പത്തിക വര്‍ഷം നടക്കാത്ത സാഹചര്യത്തിൽ, എയർ ഇന്ത്യയ്‌ക്കൊപ്പം അടുത്ത സാമ്പത്തിക വര്‍ഷത്തെ പ്രധാന വിൽപ്പനയാകുമിതെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. 

"ഈ ബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി -ധനസമ്പാദനത്തിനുള്ള നയങ്ങളും നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചേക്കാം. ഇത്തരമൊരു നടപടി അർത്ഥമാക്കുന്നത് ആസ്തി ധനസമ്പാദനത്തിനുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുകയെന്നതാണ്, അതിൽ ലേലമോ മറ്റേതെങ്കിലും തരത്തിലുള്ള ബിഡ്ഡിംഗ് പ്രക്രിയയോ പോലുള്ള ഘടനകളെയോ പിന്തുടരേണ്ടതാണ് ”, കെയർ റേറ്റിംഗിന്റെ ബജറ്റ് പ്രതീക്ഷകളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പറയുന്നു.

എയർ ഇന്ത്യയെയും ബിപിസിഎലിനെയും കൂടാതെ, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെയും (കോൺകോർ) ഓഹരി വില്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. പൊതുമേഖല ബാങ്കുകളിലെയും മറ്റ് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലെയും സർക്കാർ ഓഹരികൾ ധനസമ്പാദനത്തിനായി ധനകാര്യ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ലേക്ക് മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുകൂടാതെ, ഹെവി മൈനിംഗ് ഉപകരണ നിർമാതാക്കളായ ബി‌എം‌എൽ ലിമിറ്റഡ്, പ്രോജക്ട് ഇന്ത്യ, പവൻ ഹാൻസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ തന്ത്രപരമായ പൊതുഓഹരി വിൽപ്പനയ്ക്കും സർക്കാരിന് പദ്ധതിയുണ്ട്.

ധനക്കമ്മിയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയേക്കും 

സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിന്, 2020-21 കാലഘട്ടത്തിൽ സർക്കാരിന് ഉയർന്ന ചെലവ് വിഹിതം ചുമലില്‍ ഏല്‍ക്കേണ്ടി വരും, കാരണം സമീപകാലത്തെ ആഭ്യന്തര സാമ്പത്തിക വളർച്ചയെ പ്രധാനമായും സർക്കാർ / പൊതുചെലവുകളാണ് മുന്നോട്ട് നയിച്ചത്. സ്വകാര്യ ഉപഭോഗത്തിലും നിക്ഷേപത്തിലും കുറവുണ്ടായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2020-21 ഓടെ ധനക്കമ്മി ജിഡിപിയുടെ മൂന്ന് ശതമാനമായി കുറയ്ക്കുന്നതിനുള്ള ധന ഏകീകരണ ലക്ഷ്യം സര്‍ക്കാരിന് ഇതോടെ പുന: പരിശോധിക്കേണ്ടതായി വന്നേക്കാം. 

ആഭ്യന്തര സാമ്പത്തിക വളർച്ച ഉയരുമ്പോൾ ഉദ്ദേശിച്ച ധന ഏകീകരണ പദ്ധതി പിന്നീടുള്ള വർഷങ്ങളിലേക്കും മുന്നോട്ട് കൊണ്ടുപോകേണ്ടിവരും. സാമ്പത്തിക വളർച്ചയിലെ ബലഹീനത മൂലം വരുമാന ശേഖരണം പ്രതീക്ഷിച്ചതിലും കുറവായതിനാൽ, കേന്ദ്ര സർക്കാർ ധനക്കമ്മി ലക്ഷ്യം ലംഘിക്കാൻ സാധ്യതയുണ്ട്. 2019-20 ലെ ജിഡിപിയുടെ 3.3 ശതമാനമായിരുന്ന ധനക്കമ്മി ലക്ഷ്യം, 0.6 -0.8 ശതമാനം വരെ വർധിച്ചേക്കും. ഇതോടെ പുതുക്കിയ ധനക്കമ്മി ജിഡിപിയുടെ 3.9- 4.1 ശതമാനമായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്. 

വരാനിരിക്കുന്ന 2020- 21 ലെ ബജറ്റിൽ, മൊത്തം ചെലവിന്റെ ശരാശരി 13 ശതമാനം മൂലധനച്ചെലവ് 3.38 ട്രില്യൺ രൂപയിൽ നിന്ന് നാല് ട്രില്യൺ രൂപയായി ഉയരും. വർദ്ധിച്ച മൂലധനച്ചെലവ് അടിസ്ഥാന സൗകര്യ പദ്ധതികൾക്കായാണ്. മൂലധനച്ചെലവിന്റെ 40 ശതമാനം (കാപെക്സ്) റെയിൽ, റോഡ് ഗതാഗത മേഖലകളിലേക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭവന നിർമ്മാണവും നഗരവികസനവും ആറ് ശതമാനം വിഹിതമുള്ള മറ്റൊരു പ്രധാന ഘടകമാണ്.

click me!