നോട്ടുനിരോധനം കൊണ്ട് പച്ചപിടിച്ചത് ഇക്കൂട്ടർ..!

By Web TeamFirst Published Nov 8, 2019, 2:00 PM IST
Highlights

എന്നാൽ, നവംബർ എട്ടിന് രാത്രി എട്ടുമണിയോടെ 'മേരെ പ്യാരേ ദേശ് വാസിയോം എന്നുതുടങ്ങിയ തന്റെ  പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനം കേട്ടപ്പോൾ  'മനസ്സിൽ ലഡു പൊട്ടിയ' ഒരു കൂട്ടരുണ്ടായിരുന്നു


2016 നവംബർ എട്ടാം തീയതി. ഇന്ത്യാ മഹാരാജ്യത്തിലെ ജനങ്ങൾക്ക് എട്ടിന്റെ പണി കിട്ടിയ ദിവസം. പലർക്കും എന്നെന്നേക്കുമായി ഉറക്കം നഷ്ടപ്പെട്ട ദിവസം. അതേ, നോട്ടുനിരോധനം എന്നും ഡീമോണിറ്റൈസേഷൻ എന്നുമൊക്കെ  അറിയപ്പെട്ട ആ ഇരുട്ടടിയുടെ മൂന്നാം വാർഷികമാണ് ഇന്ന്. മൂന്നുവർഷം മുമ്പ് ഇന്നേ ദിവസമാണ്, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കെട്ടുകെട്ടായി പെട്ടികളിൽ അടുക്കിവെച്ചിരുന്ന പലർക്കും അത് കടലാസിന്റെ പ്രയോജനം പോലും ഇല്ലാത്തതായി മാറിയത്. ഇന്ന് മുതൽക്കാണ് പൊതുജനം സ്വന്തം പണം പിൻവലിക്കാൻ വേണ്ടി ബാങ്കിന്റെ മുന്നിലും എടിഎം കൗണ്ടറുകളിലും മറ്റും വരിനിന്നത്. അവിടെയുണ്ടായ ബഹളങ്ങൾക്കിടെ പോലീസിന്റെ ലാത്തിയടിയേറ്റത്. ആ വരികളിലെ തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണു മരിച്ചത്. അങ്ങനെ ആർക്കും എളുപ്പം മറക്കാൻ പറ്റുന്ന ഒരു സാമ്പത്തിക പരിഷ്കാരമല്ല നോട്ടുനോരോധനം. പലരുടെയും ജീവിതത്തെ അത് തിരിച്ചുപിടിക്കാനാകാത്ത വിധം അലങ്കോലമാക്കി. പലരുടെയും സ്വപ്‌നങ്ങൾ തകർന്നടിഞ്ഞ ദിവസമാണ് നവംബർ എട്ട്. 

എന്നാൽ, ഈ ദിവസം രാത്രി എട്ടുമണിയോടെ 'മേരെ പ്യാരേ ദേശ് വാസിയോം എന്നുതുടങ്ങിയ തന്റെ  പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനം കേട്ടപ്പോൾ  'മനസ്സിൽ ലഡു പൊട്ടിയ' ഒരു കൂട്ടരുണ്ടായിരുന്നു. അന്നേദിവസമാണ് ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ് എന്ന സങ്കല്പത്തിന്റെ ക്ലച്ചു പിടിച്ചു തുടങ്ങിയ ദിവസവും. താൻ വിഭാവനം ചെയ്യുന്നത് ഒരു 'കാഷ് ലെസ്സ് ' ഇക്കോണമിയാണ് എന്ന് പ്രധാനമന്ത്രി  നരേന്ദ്ര മോദി തന്നെ ഊന്നിപ്പറഞ്ഞു.  നോട്ടുനിരോധനത്തിനു മുമ്പുതന്നെ പലതരത്തിലുള്ള ഈ പേയ്‌മെന്റ് ആപ്പുകൾ വിപണിയിൽ പിച്ചവെച്ചു തുടങ്ങിയിരുന്നു എങ്കിലും, ഈ സാധനം എടിഎം പോലെ ആളുകൾ നിരന്തരം ഉപയോഗിച്ച് തുടങ്ങുന്നത് ഇന്നേദിവസം തൊട്ടാണ്. 2016 ഡിസംബറിൽ  യൂണിഫൈഡ് പയ്മെന്റ്റ് ഇന്റർഫേസ്(UPI) പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഭീം (BHIM) ആപ്പ് വന്നതിനു ശേഷമാണ്. കാഷ് ബാക്ക് പോലുള്ള പല ഓഫറുകളും അതുവഴി ജനങ്ങളെ തേടിയെത്തി. 

ഇന്ന്, നോട്ടുനിരോധനത്തിന്റെ മൂന്നാം പിറന്നാൾ ദിവസം നമ്മൾ പരിശോധിക്കാൻ പോകുന്നത് ആ തീരുമാനം കൊണ്ടുമാത്രം പച്ചപിടിച്ചുപോയ  ചില ആപ്പുകളെപ്പറ്റിയാണ്. 

പേടിഎം (PAYTM) 

നോട്ടുനിരോധനത്തെപ്പറ്റി നടത്തുന്ന ചർച്ചയിൽ ആദ്യം തന്നെ പറയേണ്ട ഒരു പേരാണ് പേടിഎം എന്നത്. നോട്ടുനിരോധനം കൊണ്ട് ഏറ്റവുമധികം ഉപകാരമുണ്ടായിട്ടുള്ള ഡിജിറ്റൽ വാലറ്റ്/പേയ്‌മെന്റ് ഗേറ്റ് വേ  പേടിഎം തന്നെയാകും. കയ്യിൽ കറൻസി കിട്ടാതെയായതോടെ ജനം തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ പേടിഎം ഇൻസ്റ്റാൾ ചെയ്ത അതിലൂടെ കാര്യങ്ങൾ സാധിക്കാൻ തുടങ്ങി. 2010 മുതൽ ഈ ആപ്പ് വിപണിയിലുണ്ട് എങ്കിലും, ക്ലച്ചു പിടിച്ചതും, ഒരു വൻ ബ്രാൻഡായി മാറിയതും ആറു വർഷങ്ങൾക്കു ശേഷം നോട്ടുനിരോധനം ഉണ്ടായപ്പോഴാണ്. മുമ്പ് വെറുമൊരു ഇ-വാലറ്റ് മാത്രമായിരുന്നു പേടിഎം.

നോട്ടുനിരോധനത്തോടനുബന്ധിച്ച് അതിന് UPI സപ്പോർട്ട് അനുവദിച്ചുകിട്ടി. ആ സുവർണാവസരം മുതലാക്കി കമ്പനിയും കാഷ് ബാക്ക് ഓഫറുകളുടെ ഒരു പെരുമഴ തന്നെ പെയ്യിച്ച് പരമാവധി പുതിയ കസ്റ്റമർമാരെ ചാക്കിട്ടു പിടിച്ചു. പണം കൈമാറാനും വിവിധ പ്ലാറ്റ് ഫോമുകളിൽ അടവുകൾ നടത്താനും ജനം നിരന്തരം പേടിഎം ഉപയോഗിച്ചു തുടങ്ങി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് മാത്രം ഇതുവരെ പത്തുകോടി ഡൗൺലോഡുകൾ പേടിഎം ആപ്പിന്റെതായി നടന്നിട്ടുണ്ട് എന്ന് പറയുമ്പോഴാണ് ഇതിന്റെ ജനപ്രീതിയുടെ വ്യാപ്തി നമുക്ക് ബോധ്യപ്പെടുക. വിജയ് ശേഖർ ശർമ്മ സ്ഥാപിച്ച ഈ കമ്പനിയുടെ ഇപ്പോഴത്തെ സിഇഒ രേണു സട്ടിയാണ്.

 ഗൂഗിൾ പേ (Google Pay)

തേസ്(TEZ) എന്ന പേരിൽ 2017-ൽ ഇന്ത്യയിൽ റിലീസ് ചെയ്യപ്പെട്ട ആപ്പ് ഇന്നറിയപ്പെടുന്നത് ഗൂഗിൾ പേ എന്ന പേരിലാണ്. ചെറിയ തുകകൾ വളരെ എളുപ്പത്തിൽ പരസ്പരം കൈമാറാൻ ജനം ഇന്ന് ഈ ആപ്പ് പ്രയോജനപ്പെടുത്തുന്നു. ബാങ്കുമായി നേരിട്ട് ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ ആപ്പ് സ്മാർട്ട് ഫോണിന്റെ സ്‌ക്രീൻ ലോക്ക് കോഡും ഒപ്പം ഒരു പ്രത്യേക പാസ്‌വേർഡും കൂടി ഉപയോഗിച്ചുകൊണ്ട് പണം കൈമാറാൻ സഹായിക്കുന്നു. പുതിയ ആളുകളെ ക്ഷണിക്കുമ്പോൾ റിവാർഡും, ഓരോ ഇടപാടിലും കൂപ്പണും ഒക്കെയായി ഗൂഗിൾ പേയും അവരുടേതായ മാർക്കറ്റിംഗിലൂടെ സജീവമാണ്. ഈ ആപ്പും പത്തുകോടിയിൽ അധികം ഉപഭോക്താക്കൾ പ്ലേ സ്റ്റോറിൽ നിന്നുമാത്രം ഡൌൺലോഡ് ചെയ്തിട്ടുണ്ട്. 

ഭീം ആപ്പ് (BHIM App) 

നോട്ടുനിരോധനം പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിൽ അതായത് ഡിസംബർ 30-നാണ് ഇന്ത്യൻ വിപണിയിലേക്ക് ഭീം ആപ്പിന്റെ വരവ്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ആപ്പിന്റെ ശില്പി. 13  ഭാഷകളിൽ ലഭ്യമായ ഈ ആപ്പിനും UPI സപ്പോർട്ട് ലഭ്യമാണ്. പ്ലേ സ്റ്റോറിന് പുറമെ ആപ്പിൾ ആപ്പ് സ്റ്റോറിലും ഈ സോഫ്റ്റ്‌വെയർ ലഭ്യമാണ്.

ഫോൺപേ ( Phonepe) 

നോട്ട് നിരോധിച്ചു കൃത്യം ഒരു വർഷം കഴിയുമ്പോഴാണ് ഫോൺപേ ഇറങ്ങുന്നത്. ഫ്ലിപ്കാർട്ടുമായി ബന്ധമുള്ള ആപ്പാണ് ഫോൺപേ. പതിനൊന്നു ഭാഷകളിൽ സേവനങ്ങൾ ലഭ്യമാക്കുന്ന ഫോൺ പേ വഴി ഏപ്രിൽ 2019 വരെ രണ്ടു ഇരുനൂറു കോടിയിലധികം ഇടപാടുകൾ നടന്നിട്ടുണ്ട്. പേടിഎം, മോബിക്വിക്, ഫ്രീചാർജ്ജ് തുടങ്ങി പല ആപ്പുകൾക്കും ശേഷം വിപണിയിൽ വന്നിട്ടും ഫോൺപേ അവരോടൊക്കെ മുട്ടി പിടിച്ചു നിൽക്കുന്നുണ്ട്. അതിന് അവർ നന്ദി പറയുന്നതും നോട്ടുനിരോധനം എന്ന കേന്ദ്രസർക്കാർ നടപടിയോട് തന്നെയാണ്. 


 

click me!