ഉള്ളി വില, ജനങ്ങള്‍ കരയാതിരിക്കാന്‍ സര്‍ക്കാര്‍ ചെയ്യേണ്ടതെന്ത്?

By Web TeamFirst Published Dec 10, 2019, 10:52 AM IST
Highlights

വിൽക്കപ്പെടുന്ന ഉള്ളിയുടെ അഞ്ചിലൊന്നും കച്ചവടം ചെയ്യുന്നത് ഒരൊറ്റ ഹോൾസെയിൽ ട്രേഡർ ആണ്. എന്നിട്ടും അതിനെ നിയന്ത്രിക്കാൻ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നോ കോമ്പിറ്റീഷൻ കമ്മീഷന്റെ ഭാഗത്തുനിന്നു ഇതുവരെയും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

കഴിഞ്ഞ കുറേ ആഴ്ചകളായി സവാളയുടെ വില വൻകുതിപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരന് അപ്രാപ്യമായ വിലയിലേക്ക് അത് എത്തിക്കഴിഞ്ഞിരിക്കുന്നു. ഉള്ളിയുടെ സപ്ലൈയിൽ ഉണ്ടായ കുറവും, വിപരീതകാലാവസ്ഥയാൽ ഭാവി വിളവിൽ പ്രതീക്ഷിക്കപ്പെടുന്ന കുറവുമാണ് വില ഇത്രകണ്ട് കൂടാനുള്ള പ്രാഥമിക കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2019 -ലെ സവാളയുടെ ഖാരിഫ്, ലേറ്റ് ഖാരിഫ് വിളകളിൽ ഇത്തവണ 52.06 ലക്ഷം ടൺ സവാളയേ ഉത്പാദിപ്പിക്കപ്പെടൂ എന്നാണ് കരുതുന്നത്. 69.91 ലക്ഷം ടണ്ണിൽ നിന്ന് കഴിഞ്ഞതവണ ഉത്പാദിപ്പിക്കപ്പെട്ടതിൽ നിന്ന് 26 ശതമാനത്തോളമാണ് ഇടിവ് പ്രതീക്ഷിക്കുന്നത്.  നവംബർ മാസത്തിൽ ഇന്ത്യയിലെ സവാള ചില്ലറവില്പന വില കിലോക്ക് 60.38 രൂപയായിരുന്നു. കഴിഞ്ഞ വർഷം അതേ മാസത്തിൽ അത് 22.84 രൂപമാത്രമായിരുന്നു എന്നോർക്കണം. ഡിസംബർ മാസമായപ്പോഴേക്കും അത് നവംബറിലേതിന്റെ ഇരട്ടിയും കടന്ന് പോയിക്കഴിഞ്ഞു.

ഉള്ളി ഒരു സീസണൽ വിളയാണ്. റാബി(മാർച്ച്-ജൂൺ), ഖാരിഫ്(ഒക്ടോബർ-ഡിസംബർ), ലേറ്റ് ഖാരിഫ്(ജനുവരി-മാർച്ച്) എന്നിങ്ങനെ മൂന്നു സീസണുകളിലാണ് സവാള കൃഷി ചെയ്യപ്പെടുന്നത്. കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മുഖ്യ ഉള്ളി ഉത്പാദകർ. ഇക്കൊല്ലം മഴ വൈകിയതോടെ ഉള്ളി വിതയ്ക്കുന്നതിൽ 3-4 ആഴ്ചയോളം കാലതാമസമുണ്ടായിരുന്നു. നട്ട ശേഷവും മഴ പെയ്യാൻ പിന്നെയും താമസമുണ്ടായി. വേണ്ടസമയത്ത് മഴപെയ്യാതിരുന്നത് ഉള്ളിയുടെ വിളവിന്റെ അളവ് കുറയാൻ ഇടയാക്കി. നേരം വൈകി വന്ന മഴ തകർത്തുപെയ്തതും പലയിടത്തും വിളനാശത്തിന് ഇടയാക്കി. ഇതിനൊക്കെപ്പുറമെ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തകർത്തുപെയ്ത മഴ കാരണം വെള്ളപ്പൊക്കമുണ്ടായത് കൊയ്തെടുത്ത ഉള്ളിയുടെ വിൽപനകേന്ദ്രങ്ങളിലേക്കുള്ള ചരക്കുനീക്കത്തെയും സാരമായി ബാധിച്ചു. ഇങ്ങനെയുള്ള പലവിധം വിപരീത സാഹചര്യങ്ങളാണ് ഖാരിഫ് വിളയുടെ അളവിൽ കാര്യമായ ഇടിവുണ്ടാക്കിയതും, ലേറ്റ് ഖാരിഫ് വിള കുറയുമെന്ന പ്രവചനങ്ങൾക്ക് കാരണമായതും.
 


 

ഉള്ളി വില കൂടാനുള്ള ഒരു പ്രധാനകാരണം ഉള്ളിയുടെ സപ്ലൈയിൽ ഉണ്ടായ ഇടിവ് തന്നെയാണ്. എന്നാലും, അതുമാത്രമല്ല കാരണം. ഏറ്റവും പ്രധാന കാരണം, ഉള്ളി കർഷകനിൽ നിന്ന് ഉപഭോക്താവിലേക്ക് എത്തുന്നതിനിടയിലുള്ള ഇടനിലക്കാരുടെ കുത്സിതമായ പൂഴ്ത്തിവെപ്പുകളും, കരിഞ്ചന്ത വ്യാപാരങ്ങളുമാണ്. മറ്റുവിളകളിൽ നിന്ന് വിരുദ്ധമായി, സവാള എന്നത് പാവപ്പെട്ട കർഷകരുടെ വിളയാണ്. സാധാരണ ഗതിയിൽ ഉള്ളി കൃഷിചെയ്യുന്നവർ അധികം പേരും കാര്യമായ സാമ്പത്തികസ്ഥിതിയോനും ഇല്ലാത്തവരാകും.

അതുകൊണ്ടുതന്നെ, തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്ന് ട്രാക്കുകളിൽ കയറി പോകുന്ന ഉള്ളി, സാധാരണക്കാരനിൽ എത്തുന്നതുവരെ അതിനുണ്ടാകുന്ന വിലയേറ്റത്തെ ഒരു തരത്തിലും സ്വാധീനിക്കാനുള്ള കഴിവ് അവർക്കുണ്ടാകാറില്ല. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉള്ളി വീടുകളിലേക്ക് എത്തിക്കാനുള്ള സംവിധാനവും കർഷകർക്കില്ല. അതുകൊണ്ട് കിട്ടുന്ന വിലയ്ക്ക് തങ്ങളുടെ വിളവ് മൊത്തമായി ഇടനിലക്കാരന് വിൽക്കുക എന്നതല്ലാതെ അവർക്ക് മറ്റൊന്നും തന്നെ ചെയ്യാനില്ല. ഉള്ളിവില ആകാശം തൊടുന്നത് പിന്നീട് ആ വിളവുകൾ ഇടനിലക്കാരുടെ ഗോഡൗണുകളിൽ വിശ്രമിക്കുന്ന കാലത്താണ്. ഉള്ളിയുടെ വില എന്തുതന്നെ ആയിരുന്നാലും, അതിന്റെ ഗുണം കർഷകന് കാര്യമായൊന്നും കിട്ടാറില്ല. ഇടനിലക്കാർ തരുന്ന വിലയ്ക്ക് മുടക്കിയ പണം പോലും കിട്ടാതെ വരുമ്പോൾ, ഉള്ളി വിൽക്കാതെ റോഡിൽ തള്ളി ആത്മഹത്യ ചെയ്ത കർഷകരെ മുൻവർഷങ്ങളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നത് ഈ ഇടനിലക്കാരായ വ്യാപാരികളാണ്.
 


 

ഉള്ളിയുടെ പ്രധാന മാർക്കറ്റുകളെല്ലാം കയ്യാളുന്നത് വൻകിട വ്യാപാരികളാണ്. അവർ നടത്തുന്ന കരിഞ്ചന്ത വ്യാപാരങ്ങൾക്കു നേരെ കണ്ണടക്കുക മാത്രമാണ് കാലാകാലങ്ങളിൽ അധികാരത്തിലേറിയിട്ടുള്ള സർക്കാരുകൾ ചെയ്തുപോന്നിട്ടുള്ളത്. ഇവർ ചെയ്യുന്നത് വളരെ ലളിതമായ കാര്യമാണ്. ഉള്ളികൃഷി വിളവെടുക്കാൻ കാലത്തേക്ക് ഇവർ മാർക്കറ്റിലെ വില പരമാവധി താഴ്ത്തിക്കൊണ്ടുവരും. എന്നിട്ട്, ആ  ഏറ്റവും കുറഞ്ഞ വില കർഷകന് നൽകി അവന്റെ വിള മുഴുവൻ വാങ്ങി സ്വന്തം ഗോഡൗണുകളിൽ പൂഴ്ത്തും. ഈ ഉള്ളിയുടെ സ്റ്റോക്ക് വളരെ നിയന്ത്രിതമായി മാത്രം മാർക്കറ്റിലേക്ക് വിട്ട് വ്യാപാരികൾ വില കൂട്ടിക്കൂട്ടി കൊണ്ടുവരും. അങ്ങനെ നാട്ടിൽ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ഉള്ളിക്ഷാമം വില വർദ്ധനവിന് കാരണമാകും. ഇതിനൊപ്പം കാലാവസ്ഥ വിപരീതമാകുകയും, വിളനാശം ഉണ്ടാവുകയും, മഴമൂലം ട്രാൻസ്‌പോർട്ടേഷൻ വൈകുകയും ഒക്കെ ചെയ്‌താൽ ഈ കരിഞ്ചന്തക്കാർക്ക് പറഞ്ഞുനിൽക്കാൻ പിന്നെയും കാരണങ്ങൾ കിട്ടുകയായി.
 


 

2012 -ൽ മഹാരാഷ്ട്ര, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ പ്രധാന ഉള്ളി മാർക്കറ്റുകൾ അടിസ്ഥാനപ്പെടുത്തി, കോമ്പിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നടത്തിയ വിശദമായൊരു പഠനമുണ്ട്. ആ പഠനത്തിന്റെ റിപ്പോർട്ടുകളിൽ ഇത്തരത്തിലുള്ള 'ഉള്ളിക്കൊള്ളസംഘങ്ങൾ' നാട്ടിൽ വിലസുന്നുണ്ട് എന്ന വസ്തുത സ്ഥിരീകരിക്കപ്പെട്ടിരുന്നു. പലപ്പോഴും വളരെയധികം വ്യാപാരം ഒരൊറ്റ ട്രേഡർ തന്നെ നടത്തുന്നുണ്ടാകും. ഉദാഹരണത്തിന് വിൽക്കപ്പെടുന്ന ഉള്ളിയുടെ അഞ്ചിലൊന്നും കച്ചവടം ചെയ്യുന്നത് ഒരൊറ്റ ഹോൾസെയിൽ ട്രേഡർ ആണ്. ഇങ്ങനെ മോണോപൊളി സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നിട്ടും അതിനെ നിയന്ത്രിക്കാൻ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നോ കോമ്പിറ്റീഷൻ കമ്മീഷന്റെ ഭാഗത്തുനിന്നു ഇതുവരെയും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

കഴിഞ്ഞ പത്തുവർഷമായി എല്ലാ കൊല്ലവും ഒന്നല്ലെങ്കിൽ മറ്റൊരു കാരണം പറഞ്ഞുകൊണ്ട് ഉള്ളിവില ഇതുപോലെ കൂടാറുണ്ട്. 2012 സാമ്പത്തികവർഷം മാത്രമാണ് ഇതിനൊരു അപവാദമായി ഉള്ളത്. ഉള്ളി ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ പഴിചാരി കേന്ദ്രം എളുപ്പത്തിൽ കൈകഴുകും. രാഷ്ട്രീയ പാർട്ടികളും, ഉള്ളി മൊത്തക്കച്ചവടക്കാരും തമ്മിലുള്ള അവിശുദ്ധബന്ധങ്ങൾ ഇവിടെ അങ്ങാടിപ്പാട്ടാണ്.

ഇതിനൊക്കെപ്പുറമെ മറ്റൊരു കാരണം കൂടി ഉള്ളിവില കൂടാനുണ്ട്. അത്, ഉള്ളിയുടെ കയറ്റുമതിയാണ്. നാട്ടിൽ ഉള്ളിവില കത്തിക്കയറിക്കൊണ്ടിരിക്കുന്ന കാലത്തും ഉള്ളി കയറ്റുമതി ആഴ്ചകളോളം നിർബാധം തുടരും. എത്ര ക്ഷാമമുണ്ടെന്നുപറഞ്ഞിരുന്നാലും ശരി, വർഷാവർഷം പത്തും പന്ത്രണ്ടും ലക്ഷം ടൺ ഉള്ളി കയറ്റുമതി ചെയ്യപ്പെടാറുണ്ട്. ഒടുവിൽ ജനരോഷം ഇരമ്പുമ്പോൾ മാത്രമാണ് അതിന് നിരോധനമേർപ്പെടുത്തപ്പെടുന്നത്. സർക്കാർ പറയുന്ന കാരണം അത് കർഷകർക്ക് മെച്ചപ്പെട്ട വില നൽകും എന്നതാണെങ്കിലും, സത്യത്തിൽ ഉള്ളി കയറ്റുമതി ആർക്കെങ്കിലും ഗുണകരമാകുന്നുണ്ടെങ്കിൽ അത് ഇടനിലവ്യാപാരികൾക്കു മാത്രമാണ്.

ചുരുക്കിപ്പറഞ്ഞാൽ, ഉള്ളി വില ഇങ്ങനെ അനിയന്ത്രിതമായി തുടരുന്നതിന് ആത്യന്തികമായി ഉത്തരാവാദികൾ ഒരു കൂട്ടർ മാത്രമാണ്. അത്, വില വർദ്ധനവിന് കാരണമാകുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കാൻ ഉത്തരവാദപ്പെട്ട, എന്നാൽ അക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥ പുലർത്തുന്ന കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾ മാത്രമാണ്. അവരുടെ താത്പര്യം എന്നും ഇടനിലവ്യാപാരികളുടെ ക്ഷേമത്തിൽ മാത്രം നിക്ഷിപ്തമാണ്. അത് ഒരു പരസ്പരസഹായ സഹകരണ സംഘമായിട്ടാണ് പ്രവർത്തിച്ചുപോരുന്നത്.
 


 

ഉള്ളിവിലയിലെ ഈ പ്രതിസന്ധി പരിഹരിക്കപ്പെടാനുള്ള ഒരേയൊരു മാർഗം ഗവണ്മെന്റിന്റെ ഇടപെടലാണ്. ഉള്ളി ഉത്പാദകരായ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് അവിടത്തെ കർഷകരിൽ നിന്ന് നേരിട്ട് ഉള്ളി വാങ്ങി സർക്കാർ സംവിധാനങ്ങൾ വഴി വിൽക്കാൻ വേണ്ട സത്വര നടപടികൾ കേരളസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. അതിനുണ്ടായേക്കാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള രാഷ്ട്രീയനൈപുണ്യമുണ്ടാകണം.

വിപരീതമായ കാലാവസ്ഥകൊണ്ടുണ്ടാകുന്ന, വിളനാശം കൊണ്ടുണ്ടാകുന്ന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുക സർക്കാരുകളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള പണിയാണ്. എന്നാൽ, ഇടനിലക്കാർ കരിഞ്ചന്തയും, പൂഴ്ത്തിവെപ്പും നടത്തി സൃഷ്ടിക്കുന്ന കൃത്രിമവിലക്കയറ്റത്തെ തടുത്തുനിർത്താൻ സംസ്ഥാന സർക്കാരുകൾക്ക് സാധിക്കണം. അല്ലാതെ ഉള്ളിവില കൂടുന്നതിന് കേന്ദ്രത്തെ പഴിപറഞ്ഞുകൊണ്ട് ഇതികർത്തവ്യതാമൂഢരായി ഇരിക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. ഏതിനും, ഉള്ളി അക്ഷരാർത്ഥത്തിൽ ജനങ്ങളെ കരയിച്ചുകൊണ്ടിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും കൃത്യമായ ഇടപെടലുകൾ നടത്തപ്പെടുക തന്നെ വേണം.

click me!