500 ന്‍റെയും 2000 ത്തിന്‍റെയും നോട്ടുകളോട് ജനം പൊരുത്തപ്പെട്ടു: കേന്ദ്രമന്ത്രി

By Web TeamFirst Published Dec 10, 2019, 1:18 AM IST
Highlights

നോട്ട് നിരോധനത്തിലൂടെ മോദി സർക്കാർ ലക്ഷ്യമിട്ട ഡിജിറ്റൽ ഇന്ത്യയെന്ന സ്വപ്നം യാഥാർത്ഥ്യമായോ? ഇല്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 

ദില്ലി: നോട്ട് നിരോധനത്തിലൂടെ മോദി സർക്കാർ ലക്ഷ്യമിട്ട ഡിജിറ്റൽ ഇന്ത്യയെന്ന സ്വപ്നം യാഥാർത്ഥ്യമായോ? ഇല്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അത് മാത്രമല്ല, വിപണിയിൽ നോട്ട് നിരോധനത്തിന് മുൻപുണ്ടായിരുന്നതിനേക്കാൾ കൂടുതൽ കറൻസിയാണ് ഇപ്പോഴുള്ളതെന്നും കേന്ദ്രസർക്കാർ തന്നെ സമ്മതിക്കുന്നു. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളിൽ വന്ന മാറ്റമെന്താണെന്ന് സമഗ്രമായി പഠിക്കാൻ പോലും കേന്ദ്രസർക്കാർ ഇനിയും തയ്യാറായിട്ടില്ല.

രാജ്യത്തെ വിപണിയിൽ വിനിമയം ചെയ്യപ്പെടുന്ന കറൻസി ആകെ 21 ലക്ഷം കോടിയായി ഉയർന്നുവെന്നാണ് ഇന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ പറഞ്ഞത്. 2019 മാർച്ച്
വരെയുള്ള കണക്കാണിത്. 2016-17 കാലത്ത് വിപണിയിൽ വെറും 13 ലക്ഷം കോടി കറൻസി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാലിത് വർധിക്കുന്നുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

ലോക്സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിലാണ് ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ ഇക്കാര്യം വ്യക്തമാക്കിയത്. 2018 മാർച്ചിൽ  അവസാനിച്ച സാമ്പത്തിക വർഷത്തിൽ 18037 ബില്യൺ കറൻസികളാണ് വിപണിയിലുണ്ടായിരുന്നത്. 201617 കാലത്ത് 13102 ബില്യണായിരുന്നു ഇത്. 2016 മാർച്ച് 31 ന് വിപണിയിൽ 16415 ബില്യണായിരുന്നു.

ഡിമോണിറ്റൈസേഷന് ശേഷവും മുൻപും വിപണിയിലെ കറൻസി വിനിമയത്തിൽ വന്ന മാറ്റമെന്തെന്നായിരുന്നു ചോദ്യം. 2016 നവംബർ എട്ടിനായിരുന്നു നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകൾ നിരോധിച്ചു. കള്ളപ്പണം ഇല്ലാതാക്കാനും ഡിജിറ്റൽ ഇന്ത്യ യാഥാർത്ഥ്യമാക്കാനുമായിരുന്നു ഈ പ്രഖ്യാപനമെന്നാണ് പിന്നീട് കേന്ദ്രസർക്കാർ പറഞ്ഞത്.

എന്നാൽ നോട്ട് നിരോധനത്തിന് മുൻപുണ്ടായിരുന്നതിനേക്കാൾ കൂടുതൽ കറൻസിയാണ് ഇന്ന് വിപണിയിലുള്ളതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. വിപണിയിലെ നിന്ന്
പണത്തിന്റെ നേരിട്ടുള്ള വിനിമയം പൂർണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതികൾ വല്ലതും കേന്ദ്രസർക്കാരിനുണ്ടോയെന്നും ചോദ്യമുണ്ടായിരുന്നു.ഇല്ലെന്നായിരുന്നു ഇതിന് കേന്ദ്രസഹമന്ത്രി നൽകിയ മറുപടി.

ആയിരം രൂപ നോട്ടിന്റെ അഭാവം മൂലം എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന ചോദ്യത്തിന്, 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകൾ വച്ച് ജനം പൊരുത്തപ്പെട്ടുവെന്നായി മറുപടി. നോട്ട് നിരോധനത്തിന് ശേഷം 99.3 ശതമാനം കറൻസിയും ബാങ്കുകളിൽ തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് റിപ്പോർട്ട്.15.31 ലക്ഷം കോടി രൂപയാണ് ബാങ്കുകൾ വഴി തിരിച്ചെത്തിയത്.

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പ്രതിഫലനം എന്താണെന്ന് പരിശോധിച്ചോയെന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ മറുപടി. എന്നാൽ ഡിജിറ്റൽ നടപാടുകൾ സംബന്ധിച്ച സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റിന്റെ കണക്കുകളിൽ വർധനവുണ്ടെന്ന്  സഹമന്ത്രി പറഞ്ഞു. 3702 സർവ്വീസുകളിലായി 1454 കോടിയുടെ ഇടപാടാണ് ഡിജിറ്റൽ സങ്കേതങ്ങൾ വഴി ആകെ 2019 ജനുവരി മുതൽ നടന്നത്.

click me!