എ.ടി.എമ്മില്‍ നിന്ന് കിട്ടിയത് 'ചില്‍ട്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ' ഇറക്കിയ 2000 രൂപാ നോട്ടുകള്‍

By Web DeskFirst Published Feb 22, 2017, 10:02 AM IST
Highlights

നോട്ടിന് മുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നെഴുതിയിരിക്കുന്ന സ്ഥലത്ത് ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടിന്റെ മൂല്യം സംബന്ധിച്ച് സര്‍ക്കാറിന്റെ ഉറപ്പിന് പകരം ചില്‍ഡ്രന്‍സ് ഗവണ്‍മെന്റാണ് ഈ നോട്ടിന് ഗ്യാരന്റി നല്‍കിയിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ സീലിന് പകരം ഇംഗ്ലീഷില്‍ പി.കെ എന്നെഴുതിയ സീലാണുള്ളത്. സീരിയല്‍ നമ്പറിലാവട്ടെ പൂജ്യം മാത്രം. ഇങ്ങനെ നിരവധി വ്യത്യാസങ്ങളുള്ള നോട്ട് ദില്ലിയിലെ കോള്‍ സെന്റര്‍ ജീവനക്കാരനായ രോഹിതിനാണ് കിട്ടിയത്. ഫെബ്രുവരി ആറിന് രാവിലെ 7.45നാണ് ഇയാള്‍ പണമെടുത്തത്. 8000 രൂപ പിന്‍വലിച്ച ഇയാള്‍ക്ക് കിട്ടിയ നാല് നോട്ടുകളും ചില്‍ഡ്രന്‍സ് ബാങ്കിന്റേത് തന്നെയായിരുന്നു.

തുടര്‍ന്ന് രോഹിത് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നോട്ടുകളും കാണിച്ചു. തുടര്‍ന്ന് ഒരു സബ് ഇന്‍സ്പെക്ടര്‍ രോഹിതിനൊപ്പം എ.ടി.എമ്മിലെത്തി. രണ്ടായിരം രൂപ പിന്‍വലിച്ച എസ്.ഐക്ക് കിട്ടിയതും ചിന്‍ഡ്രന്‍സ് ബാങ്കിന്റെ നോട്ട് തന്നെ. തുടര്‍ന്ന് പൊലീസുകാര്‍ ഒരിക്കല്‍ കൂടി പണം പിന്‍വലിച്ചെങ്കിലും ഇപ്പോള്‍ കിട്ടിയത് യഥാര്‍ത്ഥ നോട്ടുകളായിരുന്നു. എന്നാല്‍ സമാനമായ പരാതിയുമായി മറ്റാരും പൊലീസിനെ സമീപിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്. എന്താണ് സംഭവിച്ചതെന്നോ ആരാണിതിന് പിന്നിലെന്നോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എസ്.ബി.ഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കറന്‍സി നോട്ടുകളുമായി സാമ്യമുള്ള വസ്തു നിര്‍മ്മിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 489b, 489e, 420എന്നിവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

click me!