ശമ്പളവും പെന്‍ഷനും കൊടുക്കാൻ നികുതി മുന്‍കൂറായി വാങ്ങാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

By Web DeskFirst Published Nov 19, 2017, 8:45 AM IST
Highlights


തിരുവനന്തപുരം : ഗുരുതരസാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നടപടികളുമായി സർക്കാർ. ബെവറേജ്സ് കോര്‍പറേഷൻ, എണ്ണക്കമ്പനികള്‍ എന്നിവയിൽ നിന്ന് മുൻകൂറായി നികുതി വാങ്ങാനാണ് ആലോചന. വരുമാനവഴികള്‍ അടഞ്ഞതും ജി.എസ്.ടി. വരുമാനം വൈകുന്നുന്നതും വാറ്റ് നികുതിയിൽ 10 ശതമാനം മാത്രം വളര്‍ച്ചയുണ്ടായതും  ചെലവ് ബജറ്റിനെ അധികരിച്ചതുമാണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് സംസ്ഥാന സര്‍ക്കാരിനെ എത്തിച്ചത്. വരുമാനവഴികള്‍ അടഞ്ഞതോടെ ട്രഷറി നിയന്ത്രണം തുടരുകയാണ്. 

25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാൻ ധനവകുപ്പ് അനുമതി വേണം. അതേ സമയം ശമ്പളവും ക്ഷേമ പെന്‍ഷനുകളും കൊടുക്കുയും വേണം. ക്ഷേമ പെന്‍ഷന് വേണ്ടത് 1500 കോടിയാണ് . പ്രത്യേകിച്ചും ക്രിസ്മസിനോട് അനുബന്ധിച്ച് രണ്ടു ശമ്പളവും നല്‍കണം.ഈ സാഹചര്യത്തിലാണ് ബെവറേജ്സ് കോര്‍പറേഷനോട് മുന്‍കൂര്‍ നികുതി ചോദിക്കുന്നത്. എണ്ണക്കമ്പനികളിൽ നിന്ന് 500 കോടി മുന്‍കൂര്‍ നികുതിയും ചോദിക്കും. സര്‍ക്കാരിന് കീഴിലെ ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ നിന്നു കൂടി കടമെടുത്ത് ശമ്പളം പെന്‍ഷൻ ചെലവ് നടത്താമെന്നാണ് കണക്കുകൂട്ടുന്നത്. അടുത്ത മാസം ആദ്യത്തിലാകും ഈ നടപടി. നിലവിൽ വലിയ ബില്ലുകള്‍ മാറി ട്രഷറിയിൽ നിന്ന് പണം പിന്‍വലിച്ചാൽ പ്രതിസന്ധി ഗുരുതരമാകും. നികുതി വളര്‍ച്ചയിലെ ഇടിവും ചെലവുകള്‍ ബജറ്റിന് അധികരിച്ചതുമാണ് ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയത്. 

വാറ്റ് നികുതി വളര്‍ച്ച പത്തു ശതമാനത്തിൽ ഒതുങ്ങി. ജി.എസ്.ടി വന്നപ്പോള്‍ വളര്‍‍ച്ച 17 ശതമാനമായി ഉയര്‍ന്നിരുന്നു. പക്ഷേ ചില ചെലവ് ബജറ്റിന് അധികരിച്ചു. ക്ഷേമ പെന്‍ഷൻ ചെലവ് ബജറ്റിനെക്കാള്‍ 2300 കോടി അധികമായി. കെ.എസ്.ആര്‍.ടിസിക്ക് 300 കോടി അധികം കൊടുത്തു. റേഷൻ, ആരോഗ്യമേഖലകളിലും ബജറ്റ് ചെയ്തതിനെക്കാള്‍ ചെലവ് 500 കോടിയോളം കൂടി. 22,000 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചതും ചെലവ് കുത്തനെ കൂട്ടി. എന്നാൽ വരുമാനം അതിന് അനുസരിച്ച് ഖജനാവിൽ എത്തിയതുമില്ല. ജി.എസ്.ടിയുടെ നഷ്ടപരിഹാര തുക ഡിസംബര്‍ അവസാനമേ കിട്ടൂ. കേന്ദ്ര നികുതി വിഹിതം കൈമാറുന്നത് മാസം ആദ്യമെന്നത് പകുതിയിലേയ്ക്ക് മാറുകയും ചെയ്തു.

click me!