മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമനവും വിവാദക്കുരുക്കിലേക്ക്

By Asianet NewsFirst Published Jul 25, 2016, 10:26 AM IST
Highlights

തിരുവനന്തപുരം: നിയമ മാധ്യമ ഉപദേഷ്ടാക്കള്‍ക്കു പിന്നാലെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും വിവാദക്കുരുക്കില്‍. നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ പിന്‍തുടരുന്ന ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എതിര്‍പ്പ് ശക്തമായി. തോമസ് ഐസകിനെ വിശ്വാസമില്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രി പുതിയ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ തുറന്നടിച്ചു.

നിയമോപദേഷ്ടാവായി എം.കെ. ദാമോദരനെ നിയമിച്ച് 56 ആം ദിവസം പിന്‍വലിച്ച വിവാദത്തിന്റെ ചൂടാറും മുന്‍പാണു പുതിയ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമനം. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫസറും  അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയുമായ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥിനെയാണ് മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവി നല്‍കി ഉപദേഷ്ടാവാക്കിയത്.

ധനമന്ത്രിയായി തോമസ് ഐസകും ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ വികെ രാമചന്ദ്രനും ഉണ്ടെന്നിരിക്കെ സിപിഎമ്മിന്റെ സാമ്പത്തിക  നയങ്ങളുടെ കടുത്ത വിമര്‍ശകയായ ഗീതയുടെ നിയമനം ഇടതു കേന്ദ്രങ്ങളില്‍ പോലും അലോസരമുണ്ടാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പ്രശ്‌നം പ്രതിപക്ഷം ഏറ്റെടുക്കുന്നത്.

പിണറായി വിജയനു ഭരണത്തില്‍ കയറും മുന്‍പ് ഒരു നയവും ഭരണാധികാരിയായ ശേഷം മറ്റൊരു നയവുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സാമൂഹികക്ഷേമ പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം, സബ്‌സിഡി,  തൊഴിലുറപ്പ് പദ്ധതികള്‍ നിയന്ത്രിക്കണം, പലിശനിരക്ക് കുറക്കണം തുടങ്ങി ഇടത് വിരുദ്ധ സാമ്പത്തിക നിലപാടുകളാണു ഗീത ഗോപിനാഥിനുള്ളത്.

ഉപദേശകരുടെ എണ്ണം കൂടുന്നതില്‍ സിപിഐക്ക് കടുത്ത എതിര്‍പ്പുണ്ട്. നിയമന വിവാദത്തെ കുറിച്ച് പരസ്യപ്രതികരണത്തിന് ഇല്ലെന്നനിലപാടിലാണു ധനമന്ത്രിയും സര്‍ക്കാറും.

 

 

click me!