ഫ്ലിപ്കാര്‍ട്ട് - വാള്‍മാര്‍ട്ട് ഇടപാടില്‍ അപ്രതീക്ഷിത തിരിച്ചടി

By Web DeskFirst Published May 11, 2018, 2:36 PM IST
Highlights
  • നികുതി നൽകുന്നതിലെ മടിയാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം.
  • 2019 സെപ്റ്റംബറിലാണ് ഓഹരി കൈമാറ്റമെങ്കിൽ നികുതി 20 ശതമാനമായി കുറയും.  

ബംഗളുരു: ഫ്ലിപ്കാർട്ട്- - വാൾമാർട്ട് ഇടപാടിൽ ആശങ്ക. ഫ്ലിപ്കാർട്ടിന് ഓഹരികൾ കൈമാറുന്നതിൽ മടി കാണിച്ച് പ്രധാന നിക്ഷേപകരായ സോഫ്റ്റ് ബാങ്ക് രംഗത്തെത്തി. നിക്ഷേപം നടത്തി ഒരു വർഷത്തിനുള്ളിൽ ഓഹരികൾ വിറ്റാൽ ഭീമമായ തുക നികുതി നൽകേണ്ടി വരുമെന്ന ആശങ്കയാണ് പ്രതിസന്ധിയ്ക്ക് കാരണം.

രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലയായ ഫ്ലിപ്കാർട്ടിൽ 250 കോടി ‍ഡോളറിന്‍റെ നിക്ഷേപമാണ് ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ് ബാങ്കിനുള്ളത്. 2017 ഓഗസ്റ്റിലാണ് സോഫ്റ്റ് ബാങ്ക് നിക്ഷേപം നടത്തിയത്. നിലവിലെ വിപണി മൂല്യം കണക്കാക്കിയാൽ 400 കോടി ഡോളർ അഥവാ 26,800 കോടി രൂപ, ഫ്ലിപ്കാർട്ട് - -വാൾമാർട്ട് ഇടപടിലൂടെ സോഫ്റ്റ് ബാങ്കിന് ലഭിക്കും. എന്നാൽ നിക്ഷേപം നടത്തി രണ്ട് വർഷത്തിനുള്ളിൽ ഓഹരികൾ വിറ്റാൽ വിദേശ നിക്ഷേപകർ 40 ശതമാനം നികുതി നൽകണം. അതായത് നികുതിയായി സോഫ്റ്റ് ബാങ്ക് 10,720 കോടി രൂപ നൽകേണ്ടി വരുമെന്ന് ചുരുക്കം. ഇത്രയും നികുതി നൽകുന്നതിലെ മടിയാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം. 2019 സെപ്റ്റംബറിലാണ് ഓഹരി കൈമാറ്റമെങ്കിൽ നികുതി 20 ശതമാനമായി കുറയും.  

ഈ സാഹചര്യത്തിൽ 16 മാസം കൂടി ഓഹരികൾ കൈവശം വയ്ക്കാനുള്ള സാധ്യതതയാണ് സോഫ്റ്റ് ബാങ്ക് തേടുന്നത്. 10 ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം പയാമെന്നും സോഫ്റ്റ് ബാങ്ക് അറിയിച്ചു. എന്നാൽ ഇക്കാര്യത്തോട് ഔദ്യോഗികമായി പ്രതികരിക്കാൻ വാൾമാർട്ടോ, സോഫ്റ്റ് ബാങ്കോ തയ്യാറായിട്ടില്ല. 

1,08,000 കോടി രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിലെ 77 ശതമാനം ഓഹരികൾ അമേരിക്കൻ ചില്ലറ വിൽപ്പന ഭീമൻ വാൾമാർട്ട് വാങ്ങുന്നത്. സോഫ്റ്റ് ബാങ്കിന്‍റെ നി‍ർദ്ദേശം അംഗീകരിച്ചാൽ 55 ശതമാനം ഓഹരികളുമായി വാൾമാർട്ടിന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കേണ്ടി വരും.

click me!