ഇന്ധനവിലയില്‍ വരും ദിവസങ്ങളില്‍ സംഭവിക്കാന്‍ പോകുന്നത്

By Web DeskFirst Published Jan 26, 2018, 10:10 AM IST
Highlights

ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില മൂന്ന് വര്‍ഷത്തെ ഏറ്റലും ഉയര്‍ന്ന നിലയിലെത്തി. ഇന്നലെ വില ബാരലിന് 71 ഡോളര്‍ മറികടന്നു. ഇന്നലെ ഒരു ഘട്ടത്തില്‍ വില 71.19 ഡോളറായി ഉയര്‍ന്നിരുന്നു. പിന്നീട് വില 70.89 ഡോളറിലേക്കു താഴ്ന്നു. 2014 ഡിസംബറിലാണ് ഇതിന് മുന്‍പ് വില ഇത്രയും ഉയര്‍ന്നിട്ടുള്ളത്. വിപണിയില്‍ വില ഉയര്‍ത്തുന്നതിനായി എണ്ണ ഉത്പ്പാദക രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ഇപ്പോള്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ദുര്‍ബലമാകുന്നതും വില വര്‍ദ്ധനവിന് കാരണമാവുന്നുണ്ട്.

കഴിഞ്ഞ ആറു മാസത്തിനിടെ 20 ഡോളറിലേറെയാണു അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ദ്ധിച്ചത്. ഇതിന് സമാന്തരമായി അമേരിക്കന്‍ ക്രൂഡ് ഓയിലിന്റെ വിലയിലും  യുഎസ് ക്രൂഡ് വിലയും കൂടുന്നുണ്ട്. ഇന്നലെ യു.എസ് ക്രൂഡ് വില ബാരലിന് 66.35 ഡോളറിലേക്ക് ഉയര്‍ന്നു. ഇതും മൂന്ന് വര്‍ഷത്തിനിടയിലുള്ള ഉയര്‍ന്ന വിലയാണ്. 

അന്താരാഷ്‌ട്ര വിപണിയില്‍ വില വര്‍ദ്ധിക്കുന്നത് രാജ്യത്തും ശുഭസൂചനയല്ല നല്‍കുന്നത്. വരും ദിവസങ്ങളിലും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിക്കാനാണ് സാധ്യത. സംസ്ഥാനത്ത് പെട്രോള്‍ വില 77 രൂപയിലേക്കും ഡീസല്‍ വില 70 രൂപയിലേക്കും അടുത്തുകൊണ്ടിരിക്കുന്നു. മുംബൈയില്‍ പെട്രോളിന് 80 രൂപയാണ് കഴിഞ്ഞ ദിവസത്തെ വില. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറയ്‌ക്കണമെന്ന് പെട്രോളിയം മന്ത്രാലയം ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇത് ധനകാര്യ മന്ത്രാലയം അംഗീകരിക്കില്ലെങ്കില്‍ വരും ദിവസങ്ങളിലും ഇന്ധന വിലയില്‍ ആശ്വസിക്കാന്‍ വകയില്ലെന്നതാണ് വാസ്തവം. 

 

click me!