കൊച്ചി ആസ്ഥാനമായ എസ്‌എഫ്‌ഒ ടെക്‌നോളജീസ് കേരളത്തിൽ 2,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സ്, സോഫ്റ്റ്‌വെയർ തുടങ്ങിയ മേഖലകളിൽ ഘട്ടം ഘട്ടമായി നടത്തുന്ന നിക്ഷേപം പ്രാരംഭ ഘട്ടത്തിൽ 900 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു
കൊച്ചി: കേരളത്തിൽ 2,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് എസ്‌എഫ്‌ഒ ടെക്‌നോളജീസ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ടെക്‌നോളജി-എഞ്ചിനീയറിംഗ് കമ്പനിയാണ് എസ്‌എഫ്‌ഒ ടെക്‌നോളജീസ്. 'ട്രേഡെക്‌സ് കേരള 2026' വേദിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീറാണ് വൻ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതിൻ്റെ താത്പര്യപത്രം വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് കൈമാറി. സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും നൽകുമെന്ന് ചടങ്ങിൽ മന്ത്രി പി രാജീവ് ഉറപ്പുനൽകി.
അഡ്വാൻസ്ഡ് ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സർവീസസ്, സോഫ്റ്റ്‌വെയർ ആൻഡ് എംബഡഡ് എഞ്ചിനീയറിംഗ്, എനർജി സൊല്യൂഷൻസ്, പ്രിസിഷൻ എഞ്ചിനീയറിംഗ് എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഘട്ടം ഘട്ടമായാണ് കമ്പനി നിക്ഷേപം നടത്തുക. പ്രാരംഭ ഘട്ടത്തിൽ 900 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്‌എഫ്‌ഒ ടെക്‌നോളജീസ് സംസ്ഥാനത്ത് ₹2,000 കോടി നിക്ഷേപിക്കാനെടുത്ത തീരുമാനം കേരളത്തിന്റെ വ്യവസായ സൗഹൃദ നയങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്നും മന്ത്രി രാജീവ് പറഞ്ഞു. നിക്ഷേപം വികസിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിൽ സംസ്ഥാനത്തെ വ്യവസായ സൗഹൃദ ആവാസവ്യവസ്ഥ പ്രധാന ഘടകമാണെന്ന് ജഹാംഗീറും പറഞ്ഞു.


