
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് സ്വര്‍ണത്തിന്‍റെ ആവശ്യകതയില്‍ കുത്തനെ ഇടിവ്. ഈ മാസം സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡില്‍ ഏകദേശം 70 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീരുവ കൂടിയതോടെ സ്വര്‍ണവിലയിലുണ്ടായ വര്‍ധനയാണ് വില്‍പന കുറയാന്‍ കാരണം. ജിഎസ്ടി ഉള്‍പ്പെടെ സ്വര്‍ണത്തിന്‍റെ മൊത്തത്തിലുള്ള നികുതി ഭാരം 9.18 ശതമാനത്തില്‍ നിന്ന് 18.45 ശതമാനമായി ഉയര്‍ന്നതോടെ ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് കുറച്ചു. മെയ് 27-ന് അവസാനിച്ച രണ്ടാഴ്ചയിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ സ്വര്‍ണത്തിന്‍റെ ആവശ്യകത വെറും 7.5 ടണ്‍ ആയി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 25 ടണ്‍ ആയിരുന്നു. മെയ് 13 മുതലാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്.
ഇറാന്‍-ഇസ്രായേല്‍-യുഎസ് സംഘര്‍ഷങ്ങളെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, ചിലവുകള്‍ ചുരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി, വിദേശനാണയ ശേഖരം സംരക്ഷിക്കുന്നതിനും സമ്പദ്വ്യവസ്ഥയിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുമായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തിവെക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇന്ധന, ഭക്ഷ്യ വിലക്കയറ്റവും സ്വര്‍ണവില്‍പ്പനയെ ബാധിച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രൂപയുടെ മൂല്യത്തളര്‍ച്ച, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില, ആഗോള തലത്തിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ തീരുവ കൂട്ടിയത്. ഇതിന് പുറമെ ഇറക്കുമതി നിയമങ്ങള്‍ കര്‍ശനമാക്കുകയും ഡ്യൂട്ടി ഫ്രീ ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പരമ്പരാഗതമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന ദക്ഷിണേന്ത്യയിലും മാന്ദ്യം പ്രകടമാണ്. കൂടാതെ പഴയ സ്വര്‍ണം വിറ്റ് പണമാക്കി മാറ്റാനായി വലിയ തിരക്കാണ് ജ്വല്ലറികളില്‍ അനുഭവപ്പെടുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.