സബ്‍സിഡി നിര്‍ത്തലാക്കിയതിന് പിന്നാലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വന്‍ ആനുകൂല്യവുമായി കേന്ദ്ര സര്‍ക്കാര്‍

By Web DeskFirst Published Feb 27, 2018, 6:58 PM IST
Highlights

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സുപ്രാധാന തീരുമായമായാണ് ഹജ്ജ് യാത്രാ നിരക്കിളവിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ദില്ലി: സബ്‍സിഡി നിര്‍ത്തലാക്കിയതിന് പിന്നാലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഹജ്ജിനായുള്ള വിമാന യാത്രാ നിരക്കില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സുപ്രാധാന തീരുമായമായാണ് ഹജ്ജ് യാത്രാ നിരക്കിളവിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്. പ്രീണിപ്പിക്കാതെ ശാക്തീകരിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു എയര്‍ലൈന്‍ കമ്പനിയായ ഫ്ലൈനാസ് എന്നിവയ്‌ക്കായിരിക്കും നിരക്കിളവ് ലഭിക്കുന്നത്. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദയിലേക്കും മദീനയിലേക്കും പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രാഷ്‌ട്രീയവും സാമ്പത്തികവുമായ ചൂഷണത്തില്‍ നിന്ന് തീര്‍ത്ഥാടകരെ മോചിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2013-14 കാലഘട്ടത്തില്‍ യു.പി.എ ഭരണകാലത്ത് മുംബൈയില്‍ നിന്ന് ഹജ്ജിന് പോയി വരാനുള്ള ടിക്കറ്റ് നിരക്ക് 98,750 രൂപയായിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 57,857 രൂപ മാത്രമായിരിക്കുമെന്നാണ് പ്രഖ്യാപനം. അഹമ്മദാബാദില്‍ നിന്ന് 2013-14ല്‍ 98,750 രൂപയായിരുന്നത് ഇത്തവണ 65,015 രൂപയായി കുറയും. മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരക്കും ആനുപാതികമായി കുറയും. 2012ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി 2018 ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് സബ്‍സിഡി നിര്‍ത്തലാക്കിയത്.

click me!