ഇന്ധനവില ഇനിയും വര്‍ദ്ധിപ്പിക്കരുതെന്ന് എണ്ണക്കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍

By Web DeskFirst Published Apr 12, 2018, 9:56 AM IST
Highlights

പൊതുമേഖലയിലുള്ള എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍

ദില്ലി: രാജ്യത്ത് പെട്രോള്‍, ഡിസല്‍ വില സര്‍വ്വകാല റെക്കോര്‍ഡ് ഭേദിച്ച സാഹചര്യത്തില്‍ പിടിച്ച് നില്‍ക്കാന്‍ എണ്ണക്കമ്പനികളെ വിരട്ടി കേന്ദ്ര സര്‍ക്കാര്‍. ഇനിയും എണ്ണവില വര്‍ദ്ധിപ്പിക്കരുതെന്നും അതുകൊണ്ടുണ്ടാവുന്ന നഷ്‌ടം താല്‍ക്കാലികമായി ഏറ്റെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജനരോഷം തണുപ്പിക്കാനുള്ള നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പൊതുമേഖലയിലുള്ള എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങളോ എണ്ണക്കമ്പനികളോ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സര്‍ക്കാറില്‍ നിന്ന് ഇത്തരം നിര്‍ദ്ദേശം വന്നതായി അറിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അന്താരാഷ്‌ട്ര എനര്‍ജി ഫോറത്തില്‍ പങ്കെടുക്കവെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ചെയര്‍മാന്‍ എം.കെ സുരാന പറഞ്ഞത്. വില കൂട്ടാന്‍ നിയന്ത്രണം വരുന്നതോടെ പെട്രോളിനും ഡീസലിനും ഒരു രൂപ നഷ്‌ടത്തില്‍ വില്‍ക്കേണ്ടി വരുമെന്നാണ് കമ്പനികളുടെ നിലപാട്. 

രാജ്യത്ത് ആവശ്യമായ 80 ശതമാനത്തോളം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുകയാണിപ്പോള്‍. രാജ്യാന്തര വിപണിയില്‍ വില ബാരലിന് 70 ഡോളറിലേക്ക് എത്തിയിരിക്കുന്നു. ജി.എസ്.ടി നടപ്പാക്കിയ ശേഷം സര്‍ക്കാറിന്റെ നികുതി വരുമാനത്തില്‍ ഇടിവ് വന്നതോടെ ഇന്ധന വിലയിന്മേലുള്ള എക്‌സൈസ് ഡ്യൂട്ടി കുറയ്‌ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ക്രൂഡ് ഓയില്‍ വില ശരാശരി 50 ഡോളറില്‍ നിന്നാല്‍ മാത്രമേ പ്രതിസന്ധിക്ക് അയവ് വരികയുള്ളൂവെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞത്.

click me!