ആധാര്‍-പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയ്യതി നീട്ടി

By Web DeskFirst Published Dec 8, 2017, 12:50 PM IST
Highlights

ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രത്യക്ഷ നികുതി  ബോര്‍ഡിന്റേതാണ് തീരുമാനം. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു ഇതിന് സമയം നല്‍കിയിരുന്നത്.

ആധാര്‍ ഇതുവരെയും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് വിവിധ സേവനങ്ങളുമായി അത് ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം നല്‍കുമെന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. സുപ്രീം കോടതിയില്‍ ആധാര്‍ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സര്‍ക്കാറിന്റെ അറിയിപ്പ്. എന്നാല്‍ ഇപ്പോള്‍ ആധാറുള്ളവര്‍ക്ക് സമയപരിധി നീട്ടി നല്‍കില്ലെന്നും അവര്‍ ഡിസംബര്‍ 31ന് മുന്‍പ് തന്നെ ബാങ്ക്, പാന്‍ തുടങ്ങിയവയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്നും സര്‍ക്കാറിന്റെ നിര്‍ദ്ദേശ വന്നു. ഇതിന് പിന്നാലെയാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ മൂന്ന് മാസം കൂടി സമയം അനുവദിച്ചത്. കഴിഞ്ഞ മാസം അവസാനത്തെ കണക്കനുസരിച്ച് ഇതുവരെ നല്‍കിയ പാന്‍ കാര്‍ഡുകളില്‍ പകുതി പോലും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇതും കൂടുതല്‍ സമയം നല്‍കാന്‍ കാരണമായി. മൊബൈല്‍ നമ്പറുകള്‍ ബന്ധിപ്പിക്കാന്‍ ഫെബ്രുവരി ആദ്യവാരം വരെ സമയമുണ്ട്. ബാങ്ക് അക്കൗണ്ടുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെയും പോസ്റ്റ് ഓഫീസുകളിലെയും അക്കൗണ്ടുകള്‍ ഡിസംബര്‍ 31ന് മുന്‍പ് തന്നെ ആധാറുമായി ബന്ധിപ്പിക്കണം.

click me!