നിലവില്‍ ഇന്ത്യ ഉയര്‍ന്ന നികുതി ഈടാക്കുന്നതിനാല്‍ ബ്രസീലില്‍ നിന്നുള്ള കോഴിയിറച്ചി കാര്യമായി ഇന്ത്യയിലെത്തുന്നില്ല. 

ലോകത്തെ ഏറ്റവും വലിയ കോഴിയിറച്ചി കയറ്റുമതിക്കാരായ ബ്രസീല്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നു. ഇന്ത്യയിലേക്കുള്ള കോഴിയിറച്ചി കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ഇറക്കുമതി നികുതി കുറയ്ക്കണമെന്നാണ് ബ്രസീലിന്റെ പ്രധാന ആവശ്യം. ഇതിനു പകരമായി ഇന്ത്യയില്‍ നിന്നുള്ള മാതളനാരകം, മക്കാഡാമിയ നട്‌സ് തുടങ്ങിയവയ്ക്ക് ബ്രസീല്‍ വിപണി തുറന്നുകൊടുക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു.

ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയുടെ ന്യൂഡല്‍ഹി സന്ദര്‍ശനത്തോടനുബന്ധിച്ച് ബ്രസീല്‍ കൃഷിമന്ത്രി കാര്‍ലോസ് ഫവാറോ ഇന്ത്യന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ വിഷയങ്ങള്‍ ഉയര്‍ന്നുവന്നത്. ഈ ചര്‍ച്ചകള്‍ വ്യാപാരം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പുരോഗതി ഉണ്ടാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

നികുതി കുറയ്ക്കണമെന്ന് ബ്രസീല്‍

നിലവില്‍ ഇന്ത്യ ഉയര്‍ന്ന നികുതി ഈടാക്കുന്നതിനാല്‍ ബ്രസീലില്‍ നിന്നുള്ള കോഴിയിറച്ചി കാര്യമായി ഇന്ത്യയിലെത്തുന്നില്ല. 2025-ലെ കണക്കുകള്‍ പ്രകാരം വെറും 2.47 ടണ്‍ കോഴിയിറച്ചി മാത്രമാണ് ബ്രസീല്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. എന്നാല്‍ അവരുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ യുഎഇയിലേക്ക്് 4.79 ലക്ഷം ടണ്ണാണ് കയറ്റി അയച്ചത്

കഷ്ണങ്ങളാക്കിയ കോഴിയിറച്ചിക്ക് 100 ശതമാനവും, മുഴുവനായുള്ള കോഴിക്ക് 30 ശതമാനവുമാണ് ഇന്ത്യ ഈടാക്കുന്ന നികുതി. ഈ നികുതി കുറയ്ക്കുകയോ അല്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ പ്രത്യേക ക്വാട്ട അനുവദിക്കുകയോ ചെയ്യണമെന്നാണ് ബ്രസീല്‍ ഇറച്ചി വ്യവസായ സംഘടനയായ എബിപിഎ ആവശ്യപ്പെടുന്നത്. ഗ്വാണ്ടു ബീന്‍സ് , യെര്‍ബ മേറ്റ് എന്നിവയ്‌ക്കൊപ്പം കൂടുതല്‍ കോഴിയിറച്ചിയും ഇന്ത്യ വാങ്ങണമെന്നാണ് ബ്രസീല്‍ ആവശ്യപ്പെടുന്നത്. ഇതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പന്നിയിറച്ചിയുടെ കാര്യത്തില്‍ വിപണി തുറന്നിട്ടുണ്ടെങ്കിലും 26 ശതമാനം നികുതി ഇപ്പോഴും വലിയൊരു തടസ്സമായി നില്‍ക്കുകയാണ്.

കുതിച്ചുയര്‍ന്ന് ഉഭയകക്ഷി വ്യാപാരം

അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കുതിക്കുകയാണ്. 2025-ല്‍ ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1500 കോടി ഡോളറിലെത്തി. മുന്‍വര്‍ഷത്തേക്കാള്‍ 25.5 ശതമാനം വളര്‍ച്ചയാണിത്. 2030-ഓടെ ഇത് 2000 കോടി ഡോളറായി (ഏകദേശം 1.7 ലക്ഷം കോടി രൂപ) ഉയര്‍ത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

ബ്രസീലില്‍ നിന്ന് ഇന്ത്യയിലേക്ക്: 2025-ല്‍ ബ്രസീലില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 690 കോടി ഡോളറിലെത്തി. പഞ്ചസാര, ക്രൂഡ് ഓയില്‍, ഭക്ഷ്യ എണ്ണ, പരുത്തി, ഇരുമ്പയിര് എന്നിവയാണ് പ്രധാന ഇനങ്ങള്‍.

ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്ക്: ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്കുള്ള കയറ്റുമതി 840 കോടി ഡോളറിന്റേതാണ്. മരുന്നുകള്‍, രാസവസ്തുക്കള്‍, വാഹനങ്ങളുടെ ഘടകങ്ങള്‍ എന്നിങ്ങനെ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ പ്രധാനമായും നല്‍കുന്നത്.

ഇതിനുപുറമെ, ബ്രസീലിലെ ഇന്ത്യന്‍ വിദേശ നിക്ഷേപം 210 കോടി ഡോളറായി ഉയര്‍ന്നിട്ടുമുണ്ട്. മെര്‍ക്കോസര്‍-ഇന്ത്യ വ്യാപാര കരാര്‍, ബ്രിക്‌സ് , ജി20 തുടങ്ങിയ കൂട്ടായ്മകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാകുകയാണ്.