എയര്‍ ഇന്ത്യയെ എങ്ങനെയും വില്‍ക്കാനുറച്ച് സര്‍ക്കാര്‍; ഇനി കടുത്ത നടപടികളിലേക്ക്

By Web DeskFirst Published Jun 17, 2018, 4:32 PM IST
Highlights

മേയ് അവസാനം ഓഹരി വില്‍പ്പനയ്ക്കായി നിശ്ചയിച്ചിരുന്ന ലേലത്തില്‍ ഒരു കമ്പനി പോലും പങ്കെടുത്തിരുന്നില്ല. 

ദില്ലി: കണക്കെണിയിലായ എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആദ്യശ്രമം പരാജയപ്പെട്ടതോടെ കൂടുതല്‍ കടുത്ത നടപടികള്‍ ആലോചിക്കുന്നുവെന്ന് സൂചന. നിശ്ചിത ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ തന്നെ കൈവശം വെയ്ക്കുമെന്ന മുന്‍ തീരുമാനം ഉപേക്ഷിച്ചേക്കും. 

ഓഹരി വില്‍പ്പനയ്ക്കായി പല വഴികളും ആലോചിക്കുന്നുണ്ടെന്നും നേരത്തെ തീരുമാനിച്ച പോലെ 24 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ കൈവശം വെയ്ക്കാന്‍ ആലോചിക്കുന്നില്ലെന്നും സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. നിലവില്‍ 50,000 കോടിയോളം രൂപയുടെ കടമാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. മേയ് അവസാനം ഓഹരി വില്‍പ്പനയ്ക്കായി നിശ്ചയിച്ചിരുന്ന ലേലത്തില്‍ ഒരു കമ്പനി പോലും പങ്കെടുത്തിരുന്നില്ല. 

രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികളൊന്നും ഓഹരി വാങ്ങാന്‍ രംഗത്തെത്തിയില്ല. കുറഞ്ഞത് 2,500 അന്താരാഷ്ട്ര സര്‍വ്വീസുകളും 3700 ആഭ്യന്തര സര്‍വ്വീസുകളും നടത്തിയ കന്പനികള്‍ക്കായിരുന്നു ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം. ഇരുപത്തിനാല് ശതമാനം ഓഹരി സരക്കാര്‍ കൈവശം വയ്ക്കുകയും എയര്‍ഇന്ത്യയുടെ പ്രവര്‍ത്തന അനുമതി പൂര്‍ണ്ണമായും വിട്ടു കൊടുക്കുന്ന രീതിയിലായിരുന്നു ഓഹരി വില്‍പന. സ്വന്തം പേരിലുള്ള മറ്റ് സര്‍വ്വീസുകളുടെ ഭാഗമാക്കി എയര്‍ ഇന്ത്യയെ മാറ്റരുതെന്നും പ്രത്യേക സര്‍വ്വീസാക്കി പ്രവര്‍ത്തിപ്പിക്കണം എന്നതുമായിരുന്നു മറ്റൊരു നിര്‍ദേശം. ജീവനക്കാരെ എയര്‍ ഇന്ത്യയുടെ സര്‍വ്വീസില്‍ തന്നെ നിലനിര്‍ത്തണമെന്നും നിബന്ധന ഉണ്ടായിരുന്നു.ജെറ്റ് എയര്‍വേഴ്സും ടാറ്റയുമാണ് ഓഹരി വാങ്ങാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്.

click me!