
ചരക്കു സേവന നികുതിക്കായി കംപ്യൂട്ടര്‍ ബില്ല് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിശീകരണത്തില്‍ അറിയിച്ചു. പുതിയ രജിസ്‍ട്രേഷന്‍ ഇല്ലാതെ വ്യാപാരികള്‍ക്ക് ഒരു മാസം കച്ചവടം തുടരാം എന്നും കേന്ദ്ര റവന്യൂ സെക്രട്ടറി പുറത്തിറക്കിയ വിശദീകരണകുറിപ്പില്‍ അറിയിച്ചു. ജിഎസ്ടിയെക്കുറിച്ചുള്ള ആശയക്കുഴപ്പം രാജ്യമെങ്ങും തുടരുന്ന സാഹചര്യത്തിലാണിത്.
ചരക്കു സേവന നികുതി നിലവില്‍ വന്ന് രണ്ടാം ദിവസവും ആശയക്കുഴപ്പിന് കുറവില്ല. കുറച്ചു ദിവസം ഇതു തുടരും എന്നാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ പ്രതിഷേധത്തിലേക്ക് ഇത് നയിക്കാതിരിക്കാന്‍ വിശദീകരണവുമായി കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുക് അദിയ രംഗത്തു വന്നു. ജിഎസ്ടി വിലക്കയറ്റമുണ്ടാക്കി എന്ന വാദം ശരിയല്ലെന്നും മുമ്പ് പ്രത്യക്ഷത്തില്‍ കാണാതിരുന്ന എക്‌സൈസ് തീരുവയും മറ്റും ഇതില്‍ ലയിച്ചതു കൊണ്ടാണ് കൂടുതലായി തോന്നുന്നതെന്നും സെക്രട്ടറിയുടെ വിശദീകരണ കുറിപ്പില്‍ പറയുന്നു. വ്യാപാരികള്‍ക്ക് കംപ്യൂട്ടര്‍ ബില്ല് നിര്‍ബന്ധമല്ല. പഴയ രീതിയില്‍ കൈകൊണ്ട് എഴുതിയുണ്ടാക്കുന്ന ബില്ലുകളും സ്വീകരിക്കും. ജിഎസ്ടി ഈടാക്കാന്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വേണ്ട. റിട്ടേണ്‍ നല്കാന്‍ മാത്രമേ ഇന്‍റര്‍നെറ്റ് ആവശ്യമുള്ളു. താല്‌ക്കാലിക ഐഡി കിട്ടിയ വ്യവസായികള്‍ക്ക് വ്യാപാരം തുടരാം.നികുതി പരിധിയിലേക്ക് പുതുതായി വന്ന ഉത്പന്നങ്ങള്‍ വില്‌ക്കാന്‍ വ്യാപാരികള്‍ക്ക് രജിസ്‍ട്രേഷന്‍ എടുക്കാന്‍ ഒരു മാസത്തെ സമയമുണ്ട്. ചെറുകിട വ്യാപാരികള്‍ ആകെ വിറ്റുവരവ് അറിയിച്ചാല്‍ മതിയെന്നും ഓരോ ബില്ലിന്റെ വിവരവും ആവശ്യമില്ലെന്നും റവന്യൂ സെക്രട്ടറി പറയുന്നു. വാഹനകമ്പനികളും ആപ്പിള്‍ ഉള്‍പ്പടെ മൊബൈല്‍ ഫോണ്‍ കമ്പനികളും ജിഎസ്ടിക്കു പിന്നാലെ വില കുറച്ചെങ്കിലും നിത്യോപയോഗ സാമഗ്രികളും വില കൂടി എന്ന പരാതി വ്യാപകമാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.