ഇന്ധനവില വരുംദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്രം; വിലകൂടാന്‍ കാരണം അമേരിക്കയിലെ കൊടുങ്കാറ്റ്

By Web DeskFirst Published Sep 13, 2017, 7:11 PM IST
Highlights

ദില്ലി: ഇന്ധനവില വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ. അമേരിക്കയിലെ ഇര്‍മ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ ഉത്പാദനം 13 ശതമാനം കുറഞ്ഞതാണ് വിലകയറ്റത്തിന് കാരണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ധന വില മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തിയ സാഹചര്യത്തിൽ എണ്ണക്കമ്പനികളുമായുള്ള യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ധര്‍മേന്ദ്ര പ്രധാൻ.

രാജ്യമാകെ ഏക വില കൊണ്ടുവരാനും വിലവര്‍ദ്ധന പിടിച്ചുനിര്‍ത്താനും പെട്രോളിനേയും ഡീസലിനേയും ചരക്ക് സേവന നികുതിയിൽ ഉൾപ്പെടുത്തണമെന്നും ധര്‍മ്മേന്ദ്രപ്രധാൻ ആവശ്യപ്പെട്ടു. ദിവസേനയുള്ള വില നിര്‍ണയം സുതാര്യമാണ്. ഇക്കാര്യത്തിൽ കേന്ദ്രം ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. 79.48 പൈസയാണ് മുംബൈയിൽ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. കഴിഞ്ഞ  മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

2013 സെപ്റ്റംബര്‍ 14നാണ് ഇന്ത്യയില്‍ പെട്രോള്‍ വില സർവകാല റെക്കോഡിലെത്തിയത്. എന്നാല്‍ അന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 114.44 ഡോളറായിരുന്നു. കേരളത്തിലെ പെട്രോള്‍ വിലയാകട്ടെ 78.41 മുതല്‍ 79.01 രൂപ വരെയും. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഇപ്പോള്‍ ബാരലിന് 54 ഡോളറിനടുത്താണ്. ഇപ്പോള്‍ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് നല്‍കുന്നത് 74രൂപയും.

ക‍ഴിഞ്ഞ ജൂണ്‍ 16നാണ് ദിവസേന വില പുതുക്കി നിശ്ചയിക്കുന്ന ഡൈനാമിക് പ്രൈസിങ്ങ് സിസ്റ്റം ഇന്ത്യയില്‍ നടപ്പിലാക്കിയത്. ആദ്യ ആ‍ഴ്ചയില്‍ പെട്രോളിന് രണ്ടര രൂപയോളം കുറവ് വന്നിരുന്നു. പിന്നീടാണ് വില ദിവസംതോറും കൂടാന്‍ തുടങ്ങിയത്. ഈ വര്‍ഷം ജനുവരിയില്‍ പെട്രോളിന് ലിറ്ററിന് 63 രൂപയായിരുന്നു വില.

click me!