
ദില്ലി: ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് നികുതി ഇളവ് നല്‍കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ശുപാര്‍ശ. സാധനങ്ങള്‍ വാങ്ങാനും മറ്റും പണം നല്‍കുന്നതിന് പകരം കാര്‍ഡ് വഴിയോ ഇലക്ട്രോണിക് വാലറ്റുകള്‍ വഴിയോ ഇടപാടുകള്‍ നടത്തിയാല്‍ ജി.എസ്.ടിയില്‍ രണ്ട് ശതമാനത്തിന്റെ ഇളവ് നല്‍കാനാണ് നിര്‍ദ്ദേശം. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ത്തു. കൗണ്‍സിലില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കഴിഞ്ഞ ദിവസം ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായാണ് നികുതി ഇളവെന്ന ആശയം മുന്നോട്ടുവെച്ചത്. നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകളില്‍ വര്‍ദ്ധന വന്നെങ്കിലും ഇപ്പോള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് കാര്യങ്ങള്‍ തിരിച്ചുപോവുന്നത് കൂടി കണക്കിലെടുത്താണ് നിര്‍ദ്ദേശം. രണ്ട് ശതമാനം നികുതി ഉളവ് നല്‍കുമെങ്കിലും ഇത് പരമാവധി 100 രൂപയാക്കി നിജപ്പെടുത്തും. എന്നാല്‍ സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ ഇത് ശക്തമായി എതിര്‍ത്തു.
നോട്ട് നിരോധിച്ചിട്ട് പോലും വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്ത ഡിജിറ്റല്‍ പണമിടപാടുകള്‍ 100 രൂപയുടെ നികുതി ഇളവ് നല്‍കി വര്‍ദ്ധിപ്പിക്കാമെന്നത് മൗഢ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇളവിലൂടെ ഏകദേശം 1500 കോടിയുടെ നികുതി വരുമാനം സര്‍ക്കാറിന് നഷ്‌ടമാകും. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് നേട്ടമാകുമെങ്കിലും ഇതൊന്നുമില്ലാത്ത സാധരണക്കാര്‍ക്ക് ഇളവ് കിട്ടുകയുമില്ല. കാര്‍ഡ് സ്വീകരിക്കാത്ത ചെറുകിട വ്യാപാരികള്‍ക്കും കനത്ത തിരിച്ചടിയാവും - അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.