സ്വര്‍ണ്ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിക്കും; ജ്വല്ലറി സമരം ഒത്തുതീര്‍ന്നു

By Web DeskFirst Published Apr 5, 2017, 11:53 AM IST
Highlights

സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികളുടെ സമരം ഒത്തുതീര്‍ന്നു. സ്വര്‍ണ്ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക് ഉറപ്പ് നല്‍കിയെന്ന് വ്യാപാരികള്‍ അറിയിച്ചു. മുന്‍കാല പ്രാബല്യത്തോടെയാകും വാങ്ങല്‍ നികുതി പിന്‍വലിക്കുക. മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ വാങ്ങല്‍ നികുതി പിന്‍വലിക്കാമെന്നാണ് ധനമന്ത്രി തോമസ് ഐസക് സ്വര്‍ണ വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പ്. അടുത്ത നിയമസഭ സമ്മേളനത്തിന് മുമ്പ് സബ്‍ജക്ട് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുത്ത ശേഷം വാങ്ങല്‍ നികുതി പിന്‍വലിക്കാമെന്ന് ധനമന്ത്രി നിയമസഭയെ അറിയിക്കും. ഇതോടെ 2,500 കോടി രൂപയുടെ നികുതി ബാധ്യതയില്‍ നിന്ന് വ്യാപാരികള്‍ ഒഴിവാകും.

ജ്വല്ലറിയില്‍ പഴയ സ്വര്‍ണം വാങ്ങുമ്പോള്‍ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം 2014ലെ ധനകാര്യ ബില്ലിലാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ബജറ്റില്‍ ക്രയവിക്രയം എന്നാണ് പരാമര്‍ശിച്ചതെന്നും  ധനകാര്യ ബില്‍ ഭേദഗതി ചെയ്തപ്പോള്‍ അച്ചടി പിശകുമൂലം വില്‍പ്പന എന്നായെന്നുമാണ് വ്യാപാരികളുടെ വാദം. വാങ്ങല്‍ നികുതിയിലെ അപാകത തിരുത്തണമെന്ന് അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണിയും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയ്യാറായത്. സര്‍ക്കാര്‍ തീരുമാനം അനുകൂലമായ സാഹചര്യത്തില്‍ മൂന്ന് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചതായി സ്വര്‍ണ വ്യാപാരികള്‍ അറിയിച്ചു. സംസ്ഥാനവ്യാപകമായി സ്വര്‍ണക്കടകള്‍ അടച്ചുള്ള സമരവും പിന്‍വലിച്ചു.

click me!