ആദ്യമായാണ് ഒരു ഇന്ത്യന്‍ ഞാവല്‍പ്പഴ വൈന്‍ അന്താരാഷ്ട്ര വിപണിയിലേക്ക് കടക്കുന്നത്. ഓരോ കെയ്സിലും 750 മില്ലിയുടെ 12 കുപ്പികള്‍ വീതമാണുള്ളത്.

ലോക വൈന്‍ വിപണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. പരമ്പരാഗത മുന്തിരി വൈനുകള്‍ക്കൊപ്പം ഇന്ത്യയുടെ തനതായ പഴങ്ങളില്‍ നിന്നുള്ള വൈനുകള്‍ക്കും വിദേശ രാജ്യങ്ങളില്‍ പ്രിയമേറുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഞാവല്‍പ്പഴ വൈന്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു. മുംബൈയില്‍ നിന്ന് 800 കെയ്സ് ഞാവല്‍പ്പഴ വൈനാണ് കഴിഞ്ഞ ദിവസം അമേരിക്കയിലേക്ക് അയച്ചത്. നാസിക് ആസ്ഥാനമായുള്ള 'സെവന്‍ പീക്ക്‌സ് വൈനറി' നിര്‍മ്മിക്കുന്ന 'കറി ഫേവര്‍' എന്ന ബ്രാന്‍ഡാണ് ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും പ്രമുഖ റെസ്റ്റോറന്റുകളില്‍ എത്തുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ഞാവല്‍പ്പഴ വൈന്‍ അന്താരാഷ്ട്ര വിപണിയിലേക്ക് കടക്കുന്നത്. ഓരോ കെയ്സിലും 750 മില്ലിയുടെ 12 കുപ്പികള്‍ വീതമാണുള്ളത്.

കയറ്റുമതിയില്‍ വന്‍ കുതിപ്പ്

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്നുള്ള വൈന്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 6.7 ദശലക്ഷം ഡോളറിന്റെ (ഏകദേശം 56 കോടി രൂപ) വൈനാണ് ഇന്ത്യ ഈ കാലയളവില്‍ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായിരുന്ന കയറ്റുമതിയേക്കാള്‍ ഇരട്ടിയിലധികം വര്‍ധനവാണിത്. മുന്തിരി വൈന്‍ വിപണിയില്‍ സുല വൈന്‍യാര്‍ഡ്‌സ് പോലുള്ള വമ്പന്‍മാര്‍ ആധിപത്യം തുടരുമ്പോഴും, വൈവിധ്യമാര്‍ന്ന പഴങ്ങളില്‍ നിന്നുള്ള വൈനുകള്‍ക്ക് വിദേശങ്ങളില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മാമ്പഴവും ആപ്പിളും വൈനാകുന്നു

ഞാവല്‍പ്പഴത്തിന് പുറമെ മറ്റ് ഇന്ത്യന്‍ പഴങ്ങളും വൈന്‍ രൂപത്തില്‍ വിദേശത്തെത്തുന്നുണ്ട്:

അല്‍ഫോണ്‍സോ മാമ്പഴം: പുണെയില്‍ നിന്നുള്ള റിഥം വൈനറി അല്‍ഫോണ്‍സോ മാമ്പഴത്തില്‍ നിന്ന് നിര്‍മ്മിച്ച വൈന്‍ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്നു.

കശ്മീരി ആപ്പിള്‍: കശ്മീരി ആപ്പിളില്‍ നിന്ന് നിര്‍മ്മിക്കുന്ന 'എല്‍ 74 ക്രാഫ്റ്റ് സൈഡര്‍' ഇപ്പോള്‍ ബ്രിട്ടീഷ് വിപണിയില്‍ ലഭ്യമാണ്.

യു.എ.ഇ, നെതര്‍ലന്‍ഡ്സ്, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യന്‍ വൈനിന്റെ പ്രധാന വിപണികള്‍.

വെല്ലുവിളികള്‍ ബാക്കി

വിദേശത്ത് ഇന്ത്യന്‍ വൈനിന് പ്രിയമേറുമ്പോഴും ആഭ്യന്തര വിപണിയില്‍ വളര്‍ച്ച മന്ദഗതിയിലാണ്. ഇന്ത്യയിലെ ഉയര്‍ന്ന നികുതി ഘടനയും ആഗോള വിപണിയിലെ കടുത്ത മത്സരവും ചെറുകിട സംരംഭകര്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. അരുണാചല്‍ പ്രദേശിലെ കിവി വൈനും അസമിലെ പരമ്പരാഗത അരി വൈനും അന്താരാഷ്ട്ര വിപണിയില്‍ പരീക്ഷിച്ചെങ്കിലും പല കാരണങ്ങളാല്‍ വലിയ മുന്നേറ്റം നടത്താനായില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സബ്സിഡികളും പ്രോത്സാഹനവും ഉണ്ടെങ്കില്‍ മാത്രമേ ആഗോള വിപണിയില്‍ ചൈനയോടും യൂറോപ്യന്‍ രാജ്യങ്ങളോടും മത്സരിക്കാന്‍ കഴിയൂ എന്ന് സംരംഭകര്‍ പറയുന്നു.