ജിഎസ്ടി: സിമന്‍റ് വില കുറഞ്ഞേക്കും; നിര്‍ണ്ണായക യോഗം 22 ന്

By Web TeamFirst Published Dec 14, 2018, 3:32 PM IST
Highlights

നിലവില്‍ 35 ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് 28 ശതമാനം നികുതിയില്‍ തുടരുന്നത്. ആഢംബര ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്താനായാണ് പൊതുവേ 28 ശതമാനം നികുതി സ്ലാബ് സൃഷ്ടിക്കപ്പെട്ടിട്ടുളളത്. സിമന്‍റ് അടക്കമുളള കൂടുതല്‍ ഉല്‍പ്പന്നങ്ങളെ 28 ശതമാനം നികുതിയില്‍ നിന്ന് 18 ശതമാനം നികുതിയിലേക്ക്, വരുന്ന കൗണ്‍സില്‍ യോഗത്തില്‍ താഴ്ത്തിയേക്കും. 

ദില്ലി: ഡിസംബര്‍ 22 ന് ചേരുന്ന നിര്‍ണ്ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സിമന്‍റ് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചേക്കും. നിലവില്‍ പരമാവധി ജിഎസ്ടി നികുതി സ്ലാബായ 28 ശതമാനമാണ് സിമന്‍റിന് ഇടാക്കുന്നത്. ഇത് 18 ശതമാനത്തിലേക്ക് താഴ്ത്താനാണ് ആലോചന. 

ഇതിനോടൊപ്പം ജിഎസ്ടി നികുതി ഘടനയിലെ 28 ശതമാനം ചുമത്തുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണം കുറയ്ക്കാനും ധാരണയുള്ളതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 2017 ജൂലൈ ഒന്നിന് ജിഎസ്ടി നിലവില്‍ വരുമ്പോള്‍ 226 ഉല്‍പ്പന്നങ്ങളെയാണ് 28 ശതമാന നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, പിന്നീട് പെയിന്‍റുകള്‍, വാര്‍ണിഷുകള്‍ ദിവസേന ഉപയോഗിക്കുന്ന പെര്‍ഫ്യൂമുകള്‍, മിക്സര്‍ ഗ്രെയ്ഡര്‍, വാക്വം ക്ലീനര്‍, ടോയിലറ്ററീസ് എന്നിവയെ പലപ്പോഴായി താഴ്ന്ന നികുതി ഘടനയിലേക്ക് എത്തിച്ചു. 

നിലവില്‍ 35 ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് 28 ശതമാനം നികുതിയില്‍ തുടരുന്നത്. ആഢംബര ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്താനായാണ് പൊതുവേ 28 ശതമാനം നികുതി സ്ലാബ് സൃഷ്ടിക്കപ്പെട്ടിട്ടുളളത്. സിമന്‍റ് അടക്കമുളള കൂടുതല്‍ ഉല്‍പ്പന്നങ്ങളെ 28 ശതമാനം നികുതിയില്‍ നിന്ന് 18 ശതമാനം നികുതിയിലേക്ക്, വരുന്ന കൗണ്‍സില്‍ യോഗത്തില്‍ താഴ്ത്തിയേക്കും. പുതിയ തീരുമാനം ഉണ്ടാകുന്ന പക്ഷം നിര്‍മ്മാണ മേഖലയില്‍ അത് വലിയ ഉണര്‍വിന് കാരണമാകുമെന്നാണ് കരുതുന്നത്. നികുതിയില്‍ 10 ശതമാനത്തിന്‍റെ കുറവ് വരുന്നത് നിര്‍മ്മാണ മേഖലയിലെ തൊഴില്‍ലഭ്യതയും കൂട്ടും. 

സിമന്‍റ്, ഓട്ടോമൊബൈല്‍ ഉല്‍പ്പന്നങ്ങള്‍, ടയറുകള്‍, വിമാനങ്ങള്‍, പുകയില്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് നിലവില്‍ 28 ശതമാനം നികുതി ഘടനയില്‍ തുടരുന്നത്. 

click me!