യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ആഗോളതലത്തിൽ ആശങ്ക സൃഷ്ടിച്ചതാണ് ഇന്ത്യൻ വിപണിയിലും കനത്ത വിൽപ്പനയ്ക്ക് കാരണമായത്
മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് കനത്ത തിരിച്ചടി. എല്ലാ മേഖലകളിലും വിൽപ്പന സമ്മർദ്ദം ശക്തമായതോടെ നിഫ്റ്റി 25,450 നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്ലോസ് ചെയ്യുമ്പോൾ സെൻസെക്സ് 1,236.11 പോയിന്റ് (1.48%) ഇടിഞ്ഞ് 82,498.14-ൽ എത്തി. നിഫ്റ്റി 365 പോയിന്റ് (1.41%) നഷ്ടത്തിൽ 25,454.35-ലും വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് 1248 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2790 ഓഹരികൾക്ക് വിലയിടിഞ്ഞു. 149 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല. റിയൽറ്റി, ഓട്ടോ, പവർ, ക്യാപിറ്റൽ ഗുഡ്‌സ്, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും കനത്ത വിൽപ്പന സമ്മർദ്ദം പ്രകടമായിരുന്നു. ഈ മേഖലകളിലെ സൂചികകൾക്ക് ഏകദേശം 2 ശതമാനത്തോളം നഷ്ടമുണ്ടായി.
വിദേശ നിക്ഷേപകരുടെ പിന്തുണയിലും ആഭ്യന്തര നിക്ഷേപകരുടെ താല്പര്യത്തിലും വിപണി നേട്ടത്തോടെയാണ് തുടങ്ങിയത്. വ്യാപാരം തുടങ്ങിയപ്പോൾ നിഫ്റ്റി 50 സൂചിക 54 പോയിന്റ് (0.21%) ഉയർന്ന് 25,873.35-ലും ബിഎസ്ഇ സെൻസെക്സ് 235.57 പോയിന്റ് (0.28%) ഉയർന്ന് 83,969.82-ലും എത്തിയിരുന്നു. എന്നാൽ ഈ നേട്ടം നിലനിർത്താനായില്ല. യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ആഗോളതലത്തിൽ ആശങ്ക സൃഷ്ടിച്ചതാണ് ഇന്ത്യൻ വിപണിയിലും കനത്ത വിൽപ്പനയ്ക്ക് കാരണമായത്. ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇത് പണപ്പെരുപ്പം കൂടുമെന്ന ഭീതിയുണ്ടാക്കി. ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധിയുണ്ടാകുമോ എന്ന പേടി വിപണിയിലെ ചാഞ്ചാട്ടം വർധിപ്പിച്ചു. അതോടൊപ്പം, യുഎസ് ഫെഡ് പലിശനിരക്ക് കുറയ്ക്കുമോ എന്നതിലെ അനിശ്ചിതത്വവും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും വിപണിയെ ബാധിച്ചു. ഏഷ്യൻ വിപണികളിൽ ലൂണാർ ന്യൂ ഇയർ അവധിയായതിനാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (FII) പങ്കാളിത്തം കുറവായിരുന്നു. ഇന്ത്യയിൽ പ്രാദേശിക ബാങ്ക് അവധി കാരണം സെറ്റിൽമെന്റ് നടക്കാത്തതും വിൽപ്പനയുടെ ആക്കം കൂട്ടി
