ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതിവേഗം വളരുന്നുണ്ടെങ്കിലും അതിൻ്റെ ഉപയോഗത്തിൽ വലിയ അന്തരമുണ്ടെന്ന് കമ്പനിയുടെ ഏറ്റവും പുതിയ എഐ ഡിഫ്യൂഷൻ റിപ്പോർട്ട്

ദില്ലി: ഗ്ലോബൽ സൗത്തിൽ 50 ബില്യൺ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വ്യാപകമാക്കുന്നതിനായി 10 വർഷത്തിനുള്ളിൽ നിക്ഷേപം നടത്തുമെന്ന് ദില്ലിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026-ലാണ് കമ്പനി പ്രഖ്യാപിച്ചത്. എഐയുടെ പ്രയോജനങ്ങൾ എല്ലാ സമൂഹങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചിന പരിപാടിക്കും മൈക്രോസോഫ്റ്റ് രൂപം നൽകിയിട്ടുണ്ട്. ഓരോ രാജ്യത്തെയും പ്രാദേശിക ആവശ്യങ്ങൾക്കായി എഐ ഉപയോഗിക്കാനും അതിൻ്റെ പുരോഗതി വിലയിരുത്താനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളിൽ എഐ എത്തിക്കുന്നതിനായി ഈ ദശാബ്ദത്തിൻ്റെ അവസാനത്തോടെ 50 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പാതയിലാണ് മൈക്രോസോഫ്റ്റ് എന്ന് മൈക്രോസോഫ്റ്റ് വൈസ് ചെയറും പ്രസിഡൻ്റുമായ ബ്രാഡ് സ്മിത്ത് എക്സിൽ കുറിച്ചു. അഞ്ചിന പദ്ധതി, എഐയുടെ പ്രയോജനം എല്ലാവർക്കും ലഭ്യമാക്കാൻ വേണ്ടിയുള്ളതാണ്. ഇന്ത്യയിൽ, 2025-ൽ 56 ലക്ഷം പേർക്ക് പരിശീലനം നൽകും. 2030-ഓടെ 2 കോടി ഇന്ത്യക്കാർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മൈക്രോസോഫ്റ്റ് എലിവേറ്റ് ഫോർ എഡ്യൂക്കേറ്റേഴ്സ് വഴി 2 ലക്ഷത്തിലധികം സ്കൂളുകളിലെ 20 ലക്ഷം അധ്യാപകർക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം കുറിച്ചു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതിവേഗം വളരുന്നുണ്ടെങ്കിലും അതിൻ്റെ ഉപയോഗത്തിൽ വലിയ അന്തരമുണ്ടെന്ന് കമ്പനിയുടെ ഏറ്റവും പുതിയ എഐ ഡിഫ്യൂഷൻ റിപ്പോർട്ട് പറയുന്നു. ഗ്ലോബൽ സൗത്തിലെ (വികസ്വര രാജ്യങ്ങൾ) ഉപയോഗത്തിൻ്റെ ഇരട്ടിയാണ് ഗ്ലോബൽ നോർത്തിലെ (വികസിത രാജ്യങ്ങൾ) എഐ ഉപയോഗം. ഈ അന്തരം ദിനംപ്രതി വർധിച്ചുവരികയാണ്. ഇത് പ്രാദേശിക സാമ്പത്തിക വളർച്ചയെയും ലോകമെമ്പാടും അഭിവൃദ്ധി വ്യാപിപ്പിക്കാനുള്ള എഐയുടെ കഴിവിനെയും ബാധിക്കുന്നുണ്ട്.

എഐ വ്യാപനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക, സ്കൂളുകൾക്കും സന്നദ്ധ സംഘടനകൾക്കും സാങ്കേതികവിദ്യയും വൈദഗ്ധ്യവും നൽകി ആളുകളെ ശാക്തീകരിക്കുക എന്നിവയാണ് അഞ്ചിന പദ്ധതിയിൽ പ്രധാനം. അതോടൊപ്പം, ഒന്നിലധികം ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന എഐ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചുള്ള കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഭാവിയിലെ നയങ്ങൾക്കും നിക്ഷേപങ്ങൾക്കും വഴികാട്ടിയായി എഐയുടെ വ്യാപനം അളക്കുക എന്നതാണ് അവസാനത്തെ ഘടകം.