ജി.എസ്.ടി ഭാരം കുറയ്ക്കാന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും; കൗണ്‍സില്‍ യോഗം തുടങ്ങി

By Web DeskFirst Published Oct 6, 2017, 1:14 PM IST
Highlights

ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും കയറ്റുമതിക്കും ഇന്ന് ജി.എസ്.ടി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. റസ്റ്റോറന്റുകളുടെ നികുതി കുറയ്ക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. ജി.എസ്.ടി കൗണ്‍സില്‍ യോഗം ദില്ലിയില്‍ തുടങ്ങി. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും കൂട്ടിയ മുഴുവന്‍ നികുതിയും കുറച്ചാലേ കേരളം നികുതി കുറക്കൂവെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.
 
ചെറുകിട ഇടത്തരം വ്യാപാര വ്യവസായ മേഖലകളിലും കയറ്റുമതിയിലും ജി.എസ്.ടി വലിയ ആഘാതമായ സാഹചര്യത്തിലാണ് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്നത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗം മൂന്നുമാസത്തെ സാഹചര്യങ്ങള്‍ വിലയിരുത്തും. എല്ലാമാസവും ജി.എസ്.ടി റിട്ടേണുകള്‍ നല്‍കുക എന്നത് ഒരു വര്‍ഷത്തേക്ക് മൂന്നുമാസത്തിലൊരിക്കല്‍ വീതം ആക്കാന്‍ സാധ്യതയുണ്ട്. കയറ്റുമതി രംഗത്ത് നികുതി തിരിച്ചുകിട്ടുന്നതിലെ പ്രതിസന്ധി മറികടക്കാനുള്ള ഇളവുകളും പ്രഖ്യാപിച്ചേക്കും. 1.5 കോടി രൂപ വിറ്റുവരവുള്ള ചെറുകിട ഇടത്തരം വ്യാപരങ്ങളെ തല്‍ക്കാലത്തേക്ക് ജി.എസ്.ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും പരിഗണിച്ചേക്കും. ഇക്കാര്യത്തില്‍ ഗുജറാത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണിത്. സങ്കീര്‍ണമായ സാമ്പത്തിക സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് യോഗത്തില്‍ പങ്കെടുക്കുന്ന സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ എണ്ണയിന്മേലുള്ള നികുതി കുറക്കാന്‍ തയ്യാറായാല്‍ നികുതി കുറക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളുമായി സമയവായത്തിലെത്തുമെന്നും തോമസ് ഐസക് പറഞ്ഞു. റസറ്റോറന്റുകള്‍, റബര്‍ ഉല്പന്നങ്ങള്‍, പ്ലൈവുഡ് തുടങ്ങിയവയുടെ നികുതി പരിധി കുറക്കണം, ജി.എസ്.ടിയിലേക്ക് മാറാന്‍ കഴിയാത്ത ചെറുകിട സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കണം തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിക്കും.

click me!