ജിഎസ്ടിയുടെ പേരില്‍ കരാറുകാര്‍ ഉടക്കുന്നു; പാതിവഴി പോലുമാവാതെ പദ്ധതി നിര്‍വ്വഹണം

By Web DeskFirst Published Nov 26, 2017, 9:26 AM IST
Highlights

തിരുവനന്തപുരം: പദ്ധതി നിര്‍വ്വഹണം സമയബന്ധിതമാകണമെന്ന മുഖ്യമന്ത്രിയുടെ അന്ത്യശാസനം പാളുന്നു. ജി.എസ്.ടിയുടെ പേരില്‍ കരാറുകാര്‍ ഉടക്കിട്ടതോടെ പ്രതീക്ഷിച്ചതിന്റെ 15 ശതമാനം  പോലും പണി പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്തെ മിക്ക തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. 92,000 നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പണി തുടങ്ങിയത് വെറും 13,000 എണ്ണത്തില്‍ മാത്രമെന്നാണ് തദ്ദേശഭരണ സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്  

സാമ്പത്തിക വര്‍ഷാവസാനം തിരക്കിട്ട പണി അഴിമതിക്കിടയാക്കുന്നു. കരാറുകാരും രാഷ്‌ട്രീയക്കാരും പണം തട്ടുന്നതിന് പുറമെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരത്തിലും വലിയ വീഴ്ച ഉണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മുഖ്മന്ത്രി നേരിട്ട് ഇടപെട്ടത്. ഡിസംബര്‍ 31 ന് മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ ഒരു മാസം മാത്രം ശേഷിക്കെ ലക്ഷ്യത്തിന്റെ അടുത്തുപോലും എത്താനായിട്ടില്ല. 92,000 പദ്ധതികളില്‍ പണി ആരംഭിച്ചത് 13,000 മാത്രം. അതായത് 86 ശതമാനം ജോലികളും ആരംഭിച്ചിട്ട് പോലുമില്ല. 

 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 6,194 കോടി രൂപയില്‍ ഇതു വരെ ചെലവഴിച്ചത് 1,740 കോടി രൂപ മാത്രമാണ്. തിരുവനന്തപുരം ജില്ലയാണ് ഏറ്റവും മുന്നില്‍ . 30.36 കോടി രൂപയാണ് ഇവിടെ  ചെലവഴിച്ചത്.  25 .56 കോടി മാത്രം ചെലവഴിച്ച കോഴിക്കോട് ജില്ലയാണ് ഏറ്റവും പുറകില്‍. പഞ്ചായത്തുകളില്‍ 31 ശതമാനം ചെലവാക്കിയപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് 30.26 ശതമാനവും മാത്രമാണ് പദ്ധതി ചെലവ് . അശാസ്‌ത്രീയ നികുതി പരിഷ്കാരം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ 5000ത്തോളം വരുന്ന കരാറുകാര്‍ സമര പ്രഖ്യാപനത്തിനും ഒരുങ്ങുകയാണ്.

click me!