
ചരക്കു സേവന നികുതി നിലവിൽ വരാൻ ഇനി മിനിട്ടുകള്‍ മാത്രം ബാക്കി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് പാർലമെന്റ് സെൻട്രൽ ഹാളിൽ 11 മണിക്ക് തുടങ്ങും. നോട്ട് അസാധുവാക്കൽ പോലെ തയ്യാറെടുപ്പില്ലാതെയാണ് നികുതി കൊണ്ടു വരുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം പ്രധാനമന്ത്രിയെ പുകഴ്ത്തി രാഷ്ട്പതി പ്രണബ് മുഖർജി രംഗത്തു വന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായി.
മറ്റൊരു ആഘോഷത്തിന് തയ്യാറെടുത്തു നില്‍ക്കുകയാണ് പാർലമെന്‍റ് മന്ദിരം. സ്വാതന്ത്ര്യം കിട്ടിയപ്പോഴും അതിന്‍റെ രജത ജൂബിലി സുവർണ്ണ ജൂബിലി വേളയിലും മാത്രമാണ് അർദ്ധരാത്രി പാർലമെന്‍റ് സെൻട്രൽ ഹാളിന്റെ വാതിലുകൾ തുറന്നത്. പതിനൊന്ന് മണിക്ക് രാഷ്ട്രപതി സെൻട്രൽ ഹാളിൽ എത്തുന്നതോടെ ഉദ്ഘാടന ചടങ്ങിന് തുടക്കമാകും.
കോൺഗ്രസ് ചടങ്ങ് ബഹിഷ്ക്കരിക്കും. സിപിഎം വിട്ടുനില്‍ക്കുമെങ്കിലും മുൻ പശ്ചിമബംഗാൾ ധനമന്ത്രി അസിം ദാസ് ഗുപ്ത എത്തുന്നുണ്ട്. നോട്ട് അസാധുവാക്കൽ പോലെ ഒരു തയ്യാറെടുപ്പും ഇല്ലാതെയാണ് ജിഎസ്ടിയും കൊണ്ടുവരുന്നതെന്ന് വിദേശത്തുള്ള രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പകുതി വേവിച്ച അവസ്ഥയിലാണ് ജിഎസ്ടി പബ്ളിസിറ്റിക്കായി സർക്കാർ ഉപയോഗിക്കുന്നെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
എന്നാൽ നികുതി നടപ്പാക്കിയതിന് രാഷ്ട്രപതി പ്രണബ് മുഖർജി പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും പുകഴ്ത്തിയത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. തനിക്ക് ചെയ്യാനാവാത്തത് ഈ സർക്കാരിനു കഴിഞ്ഞെന്ന് പറഞ്ഞ പ്രണബ് മുഖർജി തുടക്കം കുറിച്ചത് വാജ്പേയി സർക്കാരിലെ ധനമന്ത്രിയായിരുന്ന ജസ്വന്ത് സിംഗാണെന്ന് വ്യക്തമാക്കിയതും കോൺഗ്രസിന്റെ അവകാശവാദം ഖണ്ഡിക്കുന്നതായി. മൻമോഹൻസിംഗ് ചടങ്ങിൽ നിന്ന് വിട്ടു നില്ക്കുമ്പോൾ മറ്റൊരു മുൻപ്രധാനമന്ത്രി എച്ച് ഡി ദേവഗൗഢ പങ്കെടുക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.