16 വര്‍ഷത്തെ ചര്‍ച്ച, ഒടുവില്‍ ജിഎസ്‌ടി യാഥാര്‍ഥ്യത്തിലേക്ക്

By Asianet NewsFirst Published Aug 3, 2016, 4:29 PM IST
Highlights

ദില്ലി: 16 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണു ചരക്ക് സേവന നികുതി നിയമം യാഥാര്‍ഥ്യമാകുന്നത്. 2000ത്തില്‍ വാജ്‌പേയ് സര്‍ക്കാരാണു ചരക്ക് സേവനനികുതി എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.

2000ല്‍ വാജ്‌പേയി സര്‍ക്കാര്‍, പശ്ചിമബംഗാള്‍ ധന മന്ത്രിയായിരുന്ന അസിംദാസ് ഗുപ്തയുടെ നേതൃത്വത്തില്‍ സംസ്ഥാന ധനമന്തിമാരുടെ ഉന്നതാധികാരസമിതിക്കു രൂപം നല്‍കി. എന്നാല്‍ വാജ്‌പേയി സര്‍ക്കാരിനു ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാരിന്റെ 2006-2007 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ചരക്കു സേവന നികുതി പ്രഖ്യാപിച്ചു. 2010 ഏപ്രില്‍ ഒന്നിനു നിയമം നടപ്പാക്കുമെന്നും ധനമന്ത്രിയായിരുന്ന പി ചിദംബരം വ്യക്തമാക്കി.

2007 മെയ് 10ന് കേന്ദ്രസര്‍ക്കാരിലെയും സംസ്ഥാനസര്‍ക്കാരുകളിലേയും ഉന്നതര്‍ ചേര്‍ന്ന സംയുക്ത കമ്മിറ്റിക്കു രൂപം നല്‍കി.
ഈ കമ്മിറ്റി 2009 നവംബര്‍ 10നു പരിഗണനയിലിരിക്കുന്ന ജിഎസ്‌ടിയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആദ്യ  പേപ്പര്‍ പുറത്തുവിട്ടു.
എന്നാല്‍ ബിജെപിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് യുപിഎ സര്‍ക്കാരിനു ചരക്ക് സേവനനികുതി ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനപത്രിയില്‍ ജിഎസ്‌ടി ബില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ചില നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തിയാണു ബിജെപി ബില്ലിനു രൂപം നല്‍കിയത്. 2015 മെയ് ആറിന് എന്‍ഡിഎയുടെ മൃഗീയഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ബില്‍ ലോക്‌സഭ പാസാക്കി. തുടര്‍ന്ന് രാജ്യസഭയില്‍ കൊണ്ട് വന്ന ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടു.

സെലക്ട് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളുള്‍പ്പെടുന്ന ബില്ല് പ്രതിപക്ഷം എതിര്‍ത്തു. തുടര്‍ന്നു തൃശങ്കുവിലായ ബില്ലാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 10 കൊല്ലം ഒരു തരത്തിലും പിന്തുണക്കാത്ത ബിജെപി അധികാരത്തിലെത്തിയ ശേഷം ബില്‍ പാസാക്കിക്കൊണ്ട് ഇതിന്റെ നേട്ടം കൊയ്യുകയാണ്.

 

click me!