സമയം നീട്ടി നല്‍കിയിട്ടും ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തത് 57 ശതമാനം വ്യാപാരികള്‍

By Web DeskFirst Published Feb 18, 2017, 10:20 AM IST
Highlights

രണ്ടു തവണ തീയതി നീട്ടിയിട്ടും റജിസ്‌ട്രേഷന്‍ കാര്യമായി വര്‍ധിക്കാത്തതിനെ തുടര്‍ന്നു വ്യാപാരികളെ നേരില്‍ ബന്ധപ്പെടാനാണ് വാണിജ്യ നികുതി വകുപ്പിന്റെ തീരുമാനം. ഇതിനായി ജില്ലാതലത്തില്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ റജിസ്‌ട്രേഷന്‍ തീയതി മാര്‍ച്ച് 10 വരെ നീട്ടിയേക്കും. ഇത് സംബന്ധിച്ച് തിങ്കളാഴ്ച കമ്മിഷണറുടെ സാന്നിധ്യത്തിലുള്ള യോഗത്തില്‍ തീരുമാനമെടുക്കും.

ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉള്‍പ്പെടെ രേഖകളെല്ലാം സമര്‍പ്പിച്ച്, താല്‍ക്കാലിക റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരുടെ എണ്ണത്തില്‍ കേരളമാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും മുന്നില്‍. റജിസ്റ്റര്‍ ചെയ്തതില്‍ 50% പേരും ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സമര്‍പ്പിച്ചിട്ടുണ്ട്. 1.25 ലക്ഷം വ്യാപാരികള്‍ ഇത്തരത്തില്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

വാണിജ്യ നികുതി വകുപ്പിന്റെ www.keralataxes.gov.in എന്ന വെബ്‌സൈറ്റില്‍ നിലവിലെ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കിയാല്‍ ജിഎസ്ടി എന്റോള്‍മെന്റിനുള്ള താല്‍ക്കാലിക യൂസര്‍നെയിമും പാസ്‌വേഡും ലഭിക്കും. ഇതുപയോഗിച്ച് www.gst.gov.in എന്ന ജിഎസ്ടി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം സ്ഥിരമായ യൂസര്‍നെയിം സൃഷ്ടിക്കാം. ഇതിനു ശേഷമാണു വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. 
 

click me!