സോപ്പിന് പിന്നാലെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിനും കോടതിയുടെ വിലക്ക്

By Web DeskFirst Published Sep 8, 2017, 10:51 AM IST
Highlights

മുംബൈ: ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ പരസ്യത്തിന് വീണ്ടും വിലക്ക്. പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഇന്നലെയാണ് ദില്ലി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ പതഞ്ജലി സോപ്പുകളുടെ പരസ്യവും കോടതി തടഞ്ഞിരുന്നു.

തങ്ങളുടെ ഉല്‍പ്പന്നത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡാബര്‍ ഇന്ത്യയാണ് പതഞ്ജലിക്കെതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബഞ്ച് പരസ്യം പരിശോധിച്ച ശേഷം ഉടന്‍ തന്നെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പതഞ്ജലിക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും അന്തിമവിധി വരുന്നത് വരെ പരസ്യം തടഞ്ഞില്ലെങ്കില്‍ ഹര്‍ജിക്കാരന് ഗുരുതരമായ നഷ്ടമുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. 280 കോടിയുടെ വാര്‍ഷിക വിറ്റുവരവുള്ള ഡാബര്‍ ച്യവനപ്രാശമാണ് നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്നത്. ഇതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് പതഞ്ജലി പരസ്യം തയ്യാറാക്കിയത്.  നേരത്തെ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനി നല്‍കിയ ഹര്‍ജി പ്രകാരം പതഞ്ജലി സോപ്പുകളുടെ പരസ്യവും കോടതി തടഞ്ഞിരുന്നു.

click me!