
ഇടുക്കി: മറയൂര്‍ ചന്ദനക്കാടുകളില്‍ ഇനി തേന്‍ വസന്തത്തിന്‍റെ ദിനങ്ങള്‍. ആദിവാസികളുടെ നേത്യത്വത്തില്‍ ശേഖരിക്കുന്ന തേന്‍ മറയൂര്‍ വനവികസ ഏജന്‍സി മുഖേനയാണ് വിപണിയിലെത്തുന്നത്. മറയൂര്‍ നേച്ചര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മറയൂര്‍ ചന്ദന ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അഫ്സല്‍ അഹമ്മദ് ഉത്പന്നങ്ങള്‍ വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മയില്‍വാഹനന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. തേന്‍ നെല്ലിക്ക, നെല്ലിക്ക തേന്‍, ഇഞ്ചിതേന്‍, തേന്‍ ഇഞ്ചി, കാന്താരി തേന്‍, തേന്‍ കാന്താരി എന്നിങ്ങനെയുള്ള രുചിഭേദങ്ങളാണ് വിപണിയില്‍ എത്തിയത്. 500 ഗ്രാം തൂക്കം വരുന്ന നെല്ലിക്ക തേനിന് 650 രൂപയും, പത്തെണ്ണം വരുന്ന തേന്‍ നെല്ലിക്ക പായ്ക്കറ്റിന് 20 രൂപയും, മുന്നൂറ് ഗ്രാം തൂക്കം വരുന്ന ഇഞ്ചിതേനിന് 430 രൂപയും എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
കാട്ടുതേന്‍ കൊണ്ട് സമൃദ്ധമായ മറയൂര്‍ മലനിരകളിലെ ആദിവാസി ജനവിഭാഗത്തിന്‍റെ ഉന്നമനത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തേനിന്‍റെ രുചികൂട്ടുകള്‍ ഒരുക്കിയിട്ടുളളത്. മറയൂരിലെ വനത്തെ ആശ്രയിച്ചു ജീവിക്കൂന്ന സമൂഹങ്ങളിലെ വനിതകള്‍ക്ക് ജനുവരി മാസം പരിശീലനം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൃഷി വിഞ്ജാന കേന്ദ്രത്തിന്‍റെയും - മറയൂര്‍ ചന്ദന ഡിവിഷന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി നടന്നത്. മറയൂര്‍ ചന്ദന റിസര്‍വ്വിനുള്ളിലെ ആദിവാസി കോളനികളായ കമ്മാളംകുടി, വേങ്ങാപ്പാറ കുടി, കൂടക്കാട്, നെല്ലിപ്പെട്ടി, പുറവയല്‍, പെരിയകുടി, കര്‍പ്പൂരകുടി, ഇരുട്ടളകുടി, കുത്തുകല്‍കുടി, മറയൂര്‍ ഗ്രാമം എന്നിങ്ങനെ കോളനികളില്‍ നിന്നുള്ള മുപ്പത്തി അഞ്ച് പേര്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കിയത്. മറയൂര്‍ മല നിരകളിലെ ചന്ദനക്കാടുകളില്‍ നിന്നും പരമ്പരാഗത രീതിയിലാണ് നിലവില്‍ ആദിവാസികള്‍ തേന്‍ ശേഖരിച്ച വില്‍പന നടത്തിവരുന്നത്.
തേന്‍ എടുക്കുന്നതും സംസ്‌കരിക്കുന്നതും ആദ്യഘട്ടത്തില്‍ നിലവിലെ രീതിയില്‍ നിന്നും മാറി ശാസ്ത്രീയമാക്കുന്ന പരിശീലനമാണ് ആദ്യം നല്‍കിയത്. ചന്ദനക്കാടുകളില്‍ നിന്നുള്ള തേനിന് പ്രത്യേക ഔഷധ ഗുണം ലഭിക്കുമെന്നതിനാല്‍ ഇത് വിപണിയില്‍ എത്തിച്ചാല്‍ പ്രത്യേകമാര്‍ക്കറ്റ് ലഭിക്കുമെന്നതിനാലാണ് മറയൂര്‍ ചന്ദന ഡിവിഷനും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൃഷി വിജ്ഞാന കേന്ദ്രം എന്നിവചേര്‍ന്ന് വനാശ്രിത സമൂഹത്തില്‍പെട്ട സ്ത്രീകള്‍ക്ക് ജനുവരി മാസം പ്രത്യേക പരിശീലനം നല്‍കിയിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.