ജിഎസ്ടി കുറച്ചപ്പോള്‍ ഹോട്ടലുകളില്‍ അടുത്ത കൊള്ള തുടങ്ങി

Published : Nov 16, 2017, 10:43 AM ISTUpdated : Oct 05, 2018, 01:32 AM IST
ജിഎസ്ടി കുറച്ചപ്പോള്‍ ഹോട്ടലുകളില്‍ അടുത്ത കൊള്ള തുടങ്ങി

Synopsis

തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിന് ഇന്നലെ മുതല്‍ ജി.എസ്.ടി അഞ്ച് ശതമാനമാക്കി കുറച്ചെങ്കിലും വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടാതിരിക്കാന്‍ പുതിയ അടവുകളുമായി ഹോട്ടലുടമകള്‍ രംഗത്തെത്തി. നികുതി കുറച്ചെങ്കിലും ഇതിനൊപ്പം വ്യാപാരികള്‍ സ്വന്തം നിലയ്ക്ക് ഭക്ഷണ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചാണ് ഉപഭോക്താക്കളുടെ പോക്കറ്റ് കൊള്ളയടിക്കാന്‍ തുടങ്ങിയത്. ശക്തമായ നടപടിയെടുക്കുമെന്ന് ധനകാര്യ മന്ത്രിയും ജി.എസ്.ടി വകുപ്പും പറയുന്നുണ്ടെങ്കിലും ഇതൊന്നു പുത്തരിയല്ലെന്നാണ് ഹോട്ടലുടമകളുടെ നിലപാട്.

എ.സിയുള്ള ഹോട്ടലുകളില്‍ 18 ശതമാനവും എ.സി ഇല്ലാത്ത ഹോട്ടലുകളില്‍ 12 ശതമാനവുമായിരുന്നു നേരത്തെ ജി.എസ്.ടി ഈടാക്കിയിരുന്നത്. ഈ മാസം 11ന് ഗുവാഹത്തിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗ തീരുമാനപ്രകാരം എല്ലാ വിഭാഗം ഹോട്ടലുകളിലെയും നികുതി അഞ്ച് ശതമാനമാക്കി കുറയ്ക്കുകയായിരുന്നു. ഇത് പ്രബല്യത്തില്‍ വന്നതോടെ ഭക്ഷണവിലയില്‍ നല്ലൊരു കുറവാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ ഇന്നലെ ചുരുക്കം ചില ഹോട്ടലുകളില്‍ മാത്രമാണ് ഈ വിലക്കുറവ് ദൃശ്യമായത്. നേരത്തെ ജൂലൈ ഒന്നിന് ജി.എസ്.ടി നടപ്പാക്കിയതിന്റെ പേരില്‍ സാധനങ്ങള്‍ക്ക് വില കൂട്ടിയ അതേ തന്ത്രം തന്നെയാണ് ഇപ്പോള്‍ വില കുറഞ്ഞപ്പോഴും ഹോട്ടല്‍ ഉടമകള്‍ പയറ്റുന്നത്. അന്ന് ചിക്കന്‍ അടക്കമുള്ള സാധനങ്ങളുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയായിരുന്നു വില വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ അന്ന് 120 രൂപയോളം വിലയുണ്ടായിരുന്ന ചിക്കന് ഇപ്പോള്‍ 80 രൂപയാണ് വില. ചിക്കന് ഇപ്പോള്‍ നികുതിയും ഇല്ല.

ഇന്നലെ നികുതി കുറച്ചപ്പോള്‍ ഭക്ഷ്യസാധനങ്ങളുടെ അടിസ്ഥാന വിലയില്‍ കാര്യമായ വര്‍ദ്ധനവാണ് വ്യാപാരികള്‍ വരുത്തിയത്. നേരത്തെ ഉണ്ടായിരുന്ന ഡിസ്കൗണ്ടുകള്‍ എടുത്തുകളഞ്ഞുവെന്നാണ് വ്യാപാരികളുടെ ഭാഷ്യം. നൂറു രൂപയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ 18 രൂപ ജി.എസ്.ടി ഉള്‍പ്പെടെ 118 രൂപ കൊടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 105 രൂപ മാത്രമേ ബില്ലില്‍ വരാന്‍ പാടുള്ളൂ. ഇതിന് പകരം സാധനത്തിന്റെ വില 110 രൂപയാക്കി ഉയര്‍ത്തിയ ശേഷം ജി.എസ്.ടി ഉള്‍പ്പെടെ 115.50 രൂപയാണ് വാങ്ങുന്നത്. ഒറ്റനോട്ടത്തില്‍ നേരത്തെ 118 രൂപ കൊടുത്തിരുന്ന സ്ഥാനത്ത് 2.50 കുറച്ചാണ് കൊടുക്കുന്നതെങ്കിലും ഉപഭോക്താവിന്റെ കൈയ്യിലിരിക്കേണ്ട 10.50 രൂപയാണ് ഹോട്ടലുടമകള്‍ നിസ്സാരമായി പിടിച്ചുവാങ്ങുന്നത്. നാലായിരത്തിലധികം ഹോട്ടലുകളുടെ പഴയ ബില്ലുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇത് വെച്ച് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് ഹോട്ടലുടമകള്‍ക്ക്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി