സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

By Web DeskFirst Published Nov 16, 2017, 9:51 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വായ്പ തിരിച്ചടവിന് 800 കോടിയോളം  മാറ്റിവെയ്ക്കേണ്ടി വരുന്നതും പെൻഷൻ  കുടിശ്ശിക നൽകാൻ 79 കോടി രൂപയും ക്ഷേമ പെൻഷനുകള്‍ക്കായി 1500 കോടി രൂപയും ആവശ്യമായി വരുന്നതോടെ അടുത്തമാസം സാമ്പത്തിക ഞെരുക്കം കൂടുമെന്നാണ് വിലയിരുത്തൽ

അടുത്ത മാസത്തെ ശമ്പളം, പെൻഷൻ വിതരണവും അനിശ്ചിതത്വത്തിലാകും. സ്ഥിതി രൂക്ഷമാകുന്നതോടെ ട്രഷറികളിൽ ബില്ലുകൾ പാസാക്കി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. പരമാവധി 20400 കോടി രൂപയാണ് ഈ വര്‍ഷം കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അനുമതിയുള്ളത്. ഇതില്‍ ഈ വര്‍ഷം 14,000 കോടി ഇതുവരെ കടമെടുത്തുകഴിഞ്ഞു. കഴിഞ്ഞ വർഷം 6000 കോടി രൂപ അധിക വായ്പയെടുത്തിരുന്നു. ഈ തുക കൂടി ഇത്തവണത്തെ വായ്പാപരിധിയിൽ ഉൾപ്പെടുത്തിയതോടെ ഇനിയുള്ള നാലര മാസം സംസ്ഥാന സർക്കാരിനു കടമെടുക്കാനാവുന്ന പരമാവധി തുക 400 കോടി മാത്രമാണ്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ധനകാര്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. കഴിഞ്ഞ വർഷം അധികമായി കടമെടുത്ത 6000 കോടി ഇത്തവണത്തെ കണക്കിൽ ഉൾപ്പെടുത്തരുതെന്നു കാണിച്ചു കേന്ദ്രത്തിനു കത്തയയ്ക്കാനാണ് യോഗത്തില്‍ തീരുമാനിച്ചത്. നിലവില്‍ 10 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാത്രം പാസാക്കി നൽകിയാൽ മതിയെന്നാണു ട്രഷറികൾക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 25 ലക്ഷത്തിനു മുകളിലുള്ള എല്ലാ ബില്ലുകളും പ്രത്യേക അനുമതിയോടെ പാസാക്കിയാൽ മതിയെന്നും നിർദേശമുണ്ട്.

click me!