ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയും

By Web DeskFirst Published Aug 2, 2017, 3:39 PM IST
Highlights

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ചതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയാന്‍ സാധ്യതയേറി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം വീതമാണ് ആര്‍.ബി.ഐ കുറച്ചത്. 

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. ഇത് ആറ് ശതമാനമാക്കിയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട നിരക്കായ റിവേഴ്സ് റിപ്പോ 5.75 ശതമാനമായും നിശ്ചയിച്ചിട്ടുണ്ട്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്നും കിട്ടുന്ന പണത്തിന്റെ പലിശ കുറയുമ്പോള്‍, ഈ ഇളവ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാനുള്ള സാധ്യതയാണ് തെളിയുന്നത്. അങ്ങനെ ആവുമ്പോള്‍ ഭവന-വാഹന വായ്പകള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പലിശ നല്‍കിയാല്‍ മതിയാവും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബാങ്കുകളാണ് കൈക്കൊള്ളേണ്ടത്. ഇതിന് പുറമെ രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് റിസര്‍വ് ബാങ്ക് പുതിയ സാമ്പത്തിക നയം ഇന്ന് പ്രഖ്യാപിച്ചത്.

നടപ്പ് സാമ്പത്തിക വര്‍ഷം 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച തന്നെ കൈവരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. ജി.എസ്.ടിക്ക് ശേഷം വിപണിയില്‍ കാര്യമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നില്ലെന്ന വിലയിരുത്തലാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്. 
 

click me!